ന്യൂഡൽഹി : വനിത കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയ കേസിൽ ഹെഡ് കോൺസ്റ്റബിൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ (Policeman Arrested For Killing Colleague). 2021 സെപ്റ്റംബർ 8നാണ് യുവതിയെ മേലുദ്യോഗസ്ഥനായ സുരേന്ദ്ര കൊലപ്പെടുത്തുന്നത്. ഹെഡ് കോൺസ്റ്റബിൾ സുരേന്ദ്ര, ഇയാളുടെ ഭാര്യാസഹോദരൻ രവിൻ, സുഹൃത്ത് രാജ്‌പാൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. (Woman constable was murdered by senior colleague)
വിവാഹിതനായ സുരേന്ദ്ര അവിവാഹിതനാണെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി സൗഹൃദത്തിലായിരുന്നു. എന്നാൽ, തന്നെ വഞ്ചിക്കുകയാണെന്ന് മനസിലാക്കിയ യുവതി സുരേന്ദ്രയുമായുള്ള ബന്ധം ഇയാളുടെ ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ശേഷം മൃതദേഹം അഴുക്കുചാലിൽ തള്ളിയെന്ന് സുരേന്ദ്ര പൊലീസിന് മൊഴി നൽകി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ അസ്ഥികൂടം അഴുക്കുചാലിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഇത് ഫൊറൻസിക് അന്വേഷണത്തിനായി അയച്ചിട്ടുണ്ട്. വനിത കോൺസ്റ്റബിളിന്‍റെ അമ്മയുടെ ഡിഎൻഎ പരിശോധനയും നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കൃത്യം നടത്തി 2 വർഷത്തിനിപ്പുറം പ്രതി പിടിയിൽ : 2012ലാണ് സുരേന്ദ്ര ഡൽഹി പൊലീസിൽ ഹെഡ് കോൺസ്റ്റബിളായി റിക്രൂട്ട് ചെയ്യപ്പെട്ടതെന്ന് ക്രൈംബ്രാഞ്ച് സ്പെഷ്യൽ കമ്മിഷണർ ആർ എസ് യാദവ് പറഞ്ഞു. ഭാര്യയ്ക്കും 12 വയസുള്ള കുട്ടിക്കും ഒപ്പം അലിപൂരിലാണ് സുരേന്ദ്ര താമസിക്കുന്നത്. 2019ലാണ് ഇയാൾ വനിത കോൺസ്റ്റബിളുമായി അടുപ്പത്തിലാകുന്നത്.
അവിവാഹിതനാണെന്ന് വിശ്വസിപ്പിച്ച് സുരേന്ദ്ര യുവതിയുമായി സൗഹൃദത്തിലായി. ഇതിനിടെ ഇയാൾ വിവാഹിതനാണെന്നും തന്നെ വഞ്ചിക്കുകയാണെന്നും പെൺകുട്ടി മനസിലാക്കി. തുടർന്ന് ഇയാളുടെ വീട്ടുകാരോട് വിവരം പറയുമെന്ന് യുവതി സുരേന്ദ്രയെ ഭീഷണിപ്പെടുത്തി. എന്നാല്‍ 2021 സെപ്റ്റംബർ 8ന് ഇയാൾ യുവതിയെ അനുനയിപ്പിച്ച് ഒപ്പം കൊണ്ടുപോയി. തന്‍റെ സ്വദേശമായ അലിപൂരിലെ ഗ്രാമത്തിലേക്ക് പോകാം എന്ന് പറഞ്ഞാണ് ഇയാൾ യുവതിയെ കൂട്ടിയത്.
എന്നാൽ, ഇയാൾ യുവതിയെ ഗ്രാമത്തിൽ നിന്ന് കുറച്ച് അകലെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി. കൂടെ നടക്കാനെന്ന വ്യാജേന യമുന നദിയുടെ തീരത്തേക്കാണ് എത്തിച്ചത്. ഇവിടെ വച്ച് യുവതിയെ ഇയാൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം അഴുക്കുചാലിൽ തള്ളുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം യുവതിയുടെ ബാഗും മൊബൈൽ ഫോണും ഇയാൾ നശിപ്പിച്ചുകളഞ്ഞു. കൃത്യം നടത്തി തിരികെയെത്തിയ ഇയാൾ യുവതിയുടെ കുടുംബാംഗങ്ങൾക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പെൺകുട്ടിയെ കാണാനില്ലെന്ന് പരാതിയും നൽകി. പൊലീസിനെയും യുവതിയുടെ കുടുംബത്തെയും കബളിപ്പിക്കാൻ സുരേന്ദ്രയുടെ ഭാര്യാസഹോദരൻ രവിൻ ഹരിയാന, ഡെറാഡൂൺ, ഋഷികേശ്, മുസ്സൂറി എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ ഓരോ പെൺകുട്ടികളുമായി എത്തി യുവതിയുടെ വീട്ടുകാരുമായി ഫോൺ വഴി ബന്ധപ്പെടുകയും അവള്‍ തന്നോടൊപ്പമുണ്ടെന്ന് അറിയിക്കുകയും ചെയ്‌തു.
തങ്ങൾ വിവാഹിതരാണെന്നും എന്നാൽ വീട്ടുകാരിൽ നിന്ന് ഭീഷണി നേരിടും എന്നതിനാലാണ് ഇപ്പോഴും ഒളിവിൽ കഴിയുന്നതെന്നും ഇയാൾ പറഞ്ഞു. പെൺകുട്ടിയെ കണ്ടെത്താൻ കഴിയാതിരുന്നതോടെ 2022 ഏപ്രിലിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. തുടർന്ന് യുവതിയുടെ വീട്ടിലേക്ക് വന്നിരുന്ന ഫോൺ കോളുകൾ ട്രാക്ക് ചെയ്‌ത് ഉദ്യോഗസ്ഥർ, രവിൻ സ്‌ത്രീകളുമായി എത്തിയിരുന്ന ഹോട്ടലുകളില്‍ അന്വേഷണം നടത്തി.
Also read: Hyderabad Murder | യുവതിയെ കൊലപ്പെടുത്തി മാൻഹോളിൽ തള്ളി; ക്ഷേത്ര പൂജാരി പിടിയിൽ
രവിനോടൊപ്പം ഒരു പെൺകുട്ടി ഉണ്ടായിരുന്നുവെന്ന് ഹോട്ടൽ ഉടമകൾ സ്ഥിരീകരിച്ചു. എന്നാൽ, സംശയം തോന്നിയ പൊലീസ് കൂടുതൽ അന്വേഷണം നടത്തിയപ്പോൾ രവിനോടൊപ്പം ഉള്ളത് കാണാതായ യുവതിയല്ലെന്ന് കണ്ടെത്തി. രവിനെയും സുഹൃത്ത് രാജ്‌പാലിനെയും പിടികൂടി നടത്തിയ അന്വേഷണത്തിൽ ഇവർ കൊലപാതക വിവരം പൊലീസിനോട് തുറന്നുപറഞ്ഞു. പിന്നാലെ, സുരേന്ദ്രയെ പൊലീസ് പിടികൂടി.