ഹൈദരാബാദ്: കിണറ്റില്‍ വീണ പൂച്ചയെ രക്ഷപ്പെടുത്താന്‍ ഇടപെട്ട് പൊലീസ് കമ്മിഷണര്‍. അര്‍ധരാത്രിയില്‍ ഓഫിസിലേക്ക് ഫോണ്‍ കോളിലൂടെ എത്തിയ ആവശ്യത്തിന് ഉടന്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥന്‍ നടപടി സ്വീകരിക്കുകയായിരുന്നു. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം.
രണ്ട് പൂച്ചകള്‍ തമ്മില്‍ കടി കൂടുന്നതിനിടെയാണ് ഒരു പൂച്ച കിണറ്റിലേക്ക് വീണത്. വിദ്യാനഗറര്‍ സ്വദേശിയായ മനോഹര്‍ എന്നയാളുടെ ഉപയോഗ ശൂന്യമായ കിണറിലേക്കാണ് ഞായറാഴ്‌ച (26-06-2022) വൈകുന്നേരത്തോടെ പൂച്ച വീണത്. അവിടെയുണ്ടായിരുന്ന പത്താം ക്ലാസുകാരിയായ മനോഹറിന്‍റെ മകള്‍ സ്‌നിതികയാണ് പൂച്ച കിണറ്റിലകപ്പെട്ട കാര്യം ആദ്യം ശ്രദ്ധിച്ചത്.
സ്‌നിതിക ഉടന്‍ തന്നെ വിവരം അച്ഛനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഗൂഗിളില്‍ തെരഞ്ഞ് നമ്പര്‍ കണ്ടെത്തി മൃഗസംരക്ഷണ ജീവനക്കാരനെ ബന്ധപ്പെട്ടു. അവരുടെ നിര്‍ദേശ പ്രകാരം കിണറ്റിൽ തെർമോകോൾ ഷീറ്റ് ഇട്ട് പൂച്ചയെ മുകളിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
Also read: ഏത് പൊലീസായാലും കാര്യമില്ല, എലിയെ പിടിക്കാൻ പൂച്ച തന്നെ വേണം!
രക്ഷാപ്രവര്‍ത്തനം പരാജയപ്പെട്ടതോടെ മൃഗസംരക്ഷണ ജീവനക്കാരുടെ നിർദേശപ്രകാരമാണ് അർധരാത്രിയോടെ മനോഹർ കരിംനഗർ പൊലീസ് കമ്മിഷണർ വി സത്യനാരായണയെയും അഗ്നിശമനസേനയെയും ബന്ധപ്പെട്ടത്. സാര്‍ ഒരു പൂച്ച കിണറ്റില്‍ വീണെന്നും, ഉടന്‍ തന്നെ രക്ഷിക്കണമെന്നുമായിരുന്നു മനോഹര്‍ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഫോണ്‍ കോളില്‍ കമ്മിഷണര്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കുകയായിരുന്നു.
ഫോണ്‍ കോളിന്‍റെ അടിസ്ഥാനത്തില്‍ കിണറ്റിലകപ്പെട്ട പൂച്ചയെ രക്ഷപ്പെടുത്താനുള്ള നിര്‍ദേശം കമ്മിഷണര്‍ എ സി പി തുലാ ശ്രീനിവാസറാവുവിന് കൈമാറി. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ രാത്രി 12.30-ഓടെ സംഭവസ്ഥലത്തെത്തി കിണറ്റില്‍ നിന്നും പൂച്ചയെ രക്ഷപ്പെടുത്തിയത്. അർദ്ധരാത്രിയിൽ തങ്ങളുടെ കോളിനോട് പ്രതികരിച്ചതിനും ഒരു പൂച്ചയെ രക്ഷിച്ചതിനും ഉദ്യോഗസ്ഥര്‍ക്ക് മനോഹറും മകള്‍ സ്‌നിതികയും നന്ദി പറഞ്ഞു.