ചിത്രദുർഗ : കര്‍ണാടകയില്‍ മൂന്ന് മാസം മുന്‍പ് കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പിടിയില്‍. 17 കാരി ഭക്ഷണത്തില്‍ വിഷംവച്ച് മാതാപിതാക്കളെയടക്കം കൊലപ്പെടുത്തുകയായിരുവെന്ന് ചിത്രദുർഗ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യക്തമായത്.
2021 ജൂലൈ 12 ന് ചിത്രദുർഗ ജില്ലയിലെ ഭരമസാഗർ ഹോബിയിലെ ഇസമുദ്ര ലബനിഹട്ടി ഗ്രാമത്തിലായിരുന്നു സംഭവം. ഭക്ഷ്യവിഷബാധയെ തുടർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. സംഭവത്തില്‍ ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയുടെ മുതിര്‍ന്ന സഹോദരന്‍ ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്നു. ഇതാണ് വഴിത്തിരിവായത്.
തിപ്പ നായിക് (45), ഭാര്യ സുധാബായി (40), തിപ്പയുടെ അമ്മ ഗുണ്ടിബായി (80), മകൾ രമ്യ (16) എന്നിവരാണ് മരിച്ചത്. രാഹുലാണ് (19) വിഷബാധയില്‍ നിന്നും രക്ഷപ്പെട്ടത്. ഇയാള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചിത്രദുർഗ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിച്ച ഭക്ഷണവും പാചകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങളും ദാവൻഗരെയിലെ പ്രാദേശിക ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചു.
'മാതാപിതാക്കളുടെ നിരന്തര ശകാരത്തിന് ഇരയായി'
വിഭവത്തിൽ കീടനാശിനി കലർന്നിട്ടുണ്ടെന്ന് എഫ്.എ.സ്.എല്‍ റിപ്പോർട്ടിൽ കണ്ടെത്തി. തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലില്‍ തിപ്പയുടെ ഇളയ മകളായ 17 കാരിയാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായി. വീട്ടില്‍ എല്ലാ ദിവസവും ഈ വിഭവം തയ്യാറാക്കുന്നത് കൗമാരക്കാരിയായിരുന്നു. അന്നും അവൾ ഭക്ഷണം പാകം ചെയ്യുകയും വിഷം ചേര്‍ക്കുകയും ചെയ്‌തു.
ശേഷം, അന്നേ ദിവസം പെണ്‍കുട്ടി ഈ ഭക്ഷണം കഴിച്ചില്ല. ഇത് അന്വേഷണത്തിലൂടെ വ്യക്തമായെന്നും ചിത്രദുർഗ ജില്ല പൊലീസ് സൂപ്രണ്ട് ജി. രാധിക പറഞ്ഞു. തന്‍റെ കുടുംബം തന്നെ ദിവസക്കൂലി വേലയ്‌ക്ക് അയക്കാറുണ്ടായിരുന്നെന്നും മാതാപിതാക്കളുടെ നിരന്തര ശകാരത്തിന് ഇരയായെന്നും കുട്ടി പൊലീസിന് മൊഴി നല്‍കി.
സഹോദരങ്ങളെ നന്നായി പരിഗണിച്ചിരുന്ന സമയത്ത് മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും നന്നായി പെരുമാറിയില്ല. ഇതാണ് കുടുംബാംഗങ്ങളെ കൊല്ലാൻ പ്രേരിപ്പിച്ചതെന്ന് 17 കാരി വ്യക്തമാക്കി. ചിത്രദുർഗ പൊലീസിന്‍റെ കസ്റ്റഡിയിലായ പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് അയച്ചു.
ALSO READ: സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നു; നിയന്ത്രണങ്ങളോടെ ഈ മാസം 25 മുതൽ പ്രവേശനം