ലഖ്‌നൗ: യോഗി ആദിത്യനാഥ് വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായാൽ സംസ്ഥാനം വിടുമെന്ന് പ്രശസ്‌ത ഉർദു കവി മുനവർ റാണ. എഐഎംഐഎം നേതാവ് ഒവൈസിയുടെ സഹായം ഇല്ലാതെ യോഗി വീണ്ടും മുഖ്യമന്ത്രിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒവൈസിയും ബിജെപിയും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇരുവരും ചേർന്ന് നാടകം നടത്തുകയാണെന്നും റാണ ആരോപിച്ചു. വോട്ടർമാരെ ധ്രുവീകരിച്ച് ലാഭവിഹിതം കൊയ്യുകയാണ് ഒവൈസിയുടെയും ബിജെപിയുടെയും തന്ത്രമെന്നും ധ്രുവീകരണത്തിലൂടെ കൂടുതൽ നേട്ടം ബിജെപിക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐഎംഐഎം ഒരുക്കുന്ന കെണിയിൽ കുടുങ്ങി യുപി ജനത ഒവൈസിക്ക് വോട്ട് നൽകിയാൽ ആർക്കും തന്നെ മുഖ്യമന്ത്രിയാകുന്നതിൽ നിന്ന് യോഗി ആദിത്യനാഥിനെ തടയാൻ കഴിയില്ലെന്നും റാണ പറഞ്ഞു. യോഗി ഒരിക്കൽ കൂടി മുഖ്യമന്ത്രിയായാൽ സംസ്ഥാനത്ത് മുസ്ലിങ്ങൾക്ക് ജീവിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: ജനസംഖ്യ നിയന്ത്രണ ബില്ല്; ബിജെപിയെ വിമർശിച്ച് ശശി തരൂർ
ഭീകര സംഘടനകളുമായി ബന്ധപ്പെടുത്തി മുസ്ലിം യുവാക്കളെ കള്ളക്കേസുകളിൽ രീതി തുടരുന്ന സാഹചര്യത്തിൽ തന്നെയും വൈകാതെ തീവ്രവാദിയായി മുദ്രകുത്താൻ സാധ്യതയുള്ളതായി ഭയപ്പെടുന്നെന്നും റാണ പറഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനസംഖ്യ ദിനത്തിൽ പ്രഖ്യാപിച്ച ജനസംഖ്യ നിയന്ത്രണ നയത്തെയും റാണ കുറ്റപ്പെടുത്തി.
അതേസമയം, തെരഞ്ഞെടുപ്പ് സമയത്ത് മാത്രം അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി എത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് റാണ ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ മുഖ്‌താർ അബ്ബാസ് നഖ്‌വി പറഞ്ഞു.
ഇത്തരക്കാർ മറുപടി പോലും അർഹിക്കുന്നില്ലെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുപി വീണ്ടും യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെ തന്നെ അധികാരത്തിലേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.