ബെംഗളുരു : ആക്‌ടിവിസ്റ്റും വിപ്ലവ കവിയുമായ വരവര റാവു(81)വിനെതിരെ തുംകൂര്‍ ജില്ലയിലെ മധുഗിരി കോടതി ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ചു. എൽഗർ പരിഷത്ത് കേസിൽ അനാരോഗ്യം കാരണം അദ്ദേഹം ഇപ്പോൾ ജാമ്യത്തിലാണ്.
2005ൽ തുംകൂറില്‍ പൊലീസുകാരെ ആക്രമിച്ചെന്ന കേസിലാണ് നടപടി. കേസിൽ വരവര റാവുവിനൊപ്പം ആക്‌ടിവിസ്റ്റും കവിയുമായ ഗദ്ദറും പ്രതിയാണ്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കവിയുടെ അഭിഭാഷകൻ എസ്.ബാലൻ പറഞ്ഞു.
കേസിന്‍റെ പശ്ചാത്തലം
2005 ഫെബ്രുവരി 20ന് തുംകൂര്‍ ജില്ലയിലെ വെങ്കടമ്മനഹള്ളിയിൽ പൊലീസ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ ആറ് പൊലീസുകാരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് നക്സലൈറ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വരവര റാവുവിനെയും ഗദ്ദറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
എൽഗാർ പരിഷത്ത് കേസിൽ കവിക്ക് ജാമ്യം
എൽഗാർ പരിഷത്ത് സംഭവം എന്നറിയപ്പെടുന്ന ഭീമ - കൊറേഗാവ് കേസിൽ ഈ വർഷം ഫെബ്രുവരിയിൽ ബോംബെ ഹൈക്കോടതി വരവര റാവുവിന് ജാമ്യം അനുവദിച്ചിരുന്നു.
2017 ഡിസംബർ 31ന് പൂനെയിലെ ശനിവാർവാഡ കോട്ടയിൽ കൊറേഗാവ് ഭീമ യുദ്ധത്തിന്‍റെ ഇരുന്നൂറാം വാർഷികത്തിന്‍റെ സ്മരണയ്ക്കായി സംഘടിപ്പിച്ച പരിപാടിയായിരുന്നു എൽഗാർ പരിഷത്ത്. എൽഗാർ പരിഷത്തിന് തൊട്ടടുത്ത ദിവസം (2018 ജനുവരി 1) പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തുടർന്നുവന്ന മാസങ്ങളിൽ പരിപാടിയിൽ പങ്കെടുത്ത നിരവധി പേരെ യുഎപിഎ അടക്കമുള്ള നിയമങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. എൽഗാർ പരിഷത്തിന് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നും പരിപാടിയില്‍ വരവര റാവു ഉൾപ്പടെയുള്ളവരുടെ പ്രസംഗം അക്രമത്തിന് പ്രേരിപ്പിക്കുന്നതായിരുന്നുവെന്നും പൊലീസ് ആരോപിക്കുന്നു.