ന്യൂഡൽഹി : പിഎന്‍ബി വായ്‌പ തട്ടിപ്പ് കേസിൽ രാജ്യം വിട്ട വജ്രവ്യാപാരി മെഹുൽ ചോക്‌സിയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ ഊര്‍ജിതം. ചോക്സി ഇന്ത്യൻ പൗരനാണെന്നും രണ്ട് ബില്യൺ യുഎസ് ഡോളർ തട്ടിച്ച് ഇന്ത്യയിൽ നിന്ന് രക്ഷപ്പെടാൻ പുതിയ പൗരത്വം സ്വീകരിക്കുകയായിരുന്നെന്നും വിവിധ ഏജൻസികൾ ഡൊമിനിക്ക സർക്കാരിനെ അറിയിച്ചു. മെഹുൽ ചോക്‌സിയെ, കടന്നുകളഞ്ഞ ഇന്ത്യൻ പൗരനായി കണക്കാക്കണമെന്നും അദ്ദേഹത്തിനെതിരെ ഇന്‍റർപോൾ റെഡ് കോർണർ നോട്ടീസ് നൽകിയിട്ടുണ്ടെന്നും നാട്ടിലേക്ക് തിരിച്ചെത്തിക്കേണ്ടതുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.
കൂടൂതൽ വായിക്കാന്‍: വായ്‌പാ തട്ടിപ്പ് കേസ്: മെഹുൽ ചോക്‌സിയെ ആന്‍റിഗ്വയിലേക്ക് കൈമാറണമെന്ന് അഭിഭാഷകൻ
അതേസമയം അയൽരാജ്യമായ ആന്‍റിഗ്വയും ചോക്സിയെ നേരിട്ട് ഇന്ത്യക്ക് കൈമാറാൻ ഡൊമിനിക്കയോട് ആവശ്യപ്പെട്ടു. ആന്‍റിഗ്വയിൽ ചോക്സിക്ക് പൂർണ്ണ നിയമ പരിരക്ഷയുണ്ട്. അതിനാല്‍ ഇന്ത്യയ്ക്ക് കൈമാറാൻ സമയമെടുക്കും. അതേസമയം വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തിരിക്കുകയാണ് ആന്‍റിഗ്വ, ബാർബുഡ എന്നിവിടങ്ങളിലെ പ്രതിപക്ഷ പാർട്ടികൾ. നിലവിൽ ഇയാൾ ഡൊമിനിക്കയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിന്‍റെ കസ്റ്റഡിയിലാണ്.