ഹിരോഷിമ | ന്യൂഡല്‍ഹി: യുക്രൈനിലെ നിലവിലെ സാഹചര്യം രാഷ്‌ട്രീയമോ സാമ്പത്തികമോ അല്ല, മനുഷ്യത്വത്തിന്‍റേയും മൂല്യങ്ങളുടെയും പ്രശ്‌നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാനിലെ ഹിരോഷിമയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ ഇന്ന് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാഷ്‌ട്രീയമോ സാമ്പത്തികമോ സംബന്ധിച്ചല്ല, സംഘർഷം പരിഹരിക്കാനുള്ള ഏക മാർഗം ചര്‍ച്ചകളും നയതന്ത്രം മെച്ചപ്പെടുത്തലുമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
എല്ലാ രാജ്യങ്ങളും യുഎൻ ചാർട്ടർ, അന്താരാഷ്‌ട്ര നിയമം, രാജ്യങ്ങളുടെ പരമാധികാരം, പ്രാദേശികത എന്നിവയെ മാനിക്കണം. നിലവിലുള്ള സമാധാനപൂര്‍ണമായ സാഹചര്യങ്ങള്‍ തുടച്ചുനീക്കാനുള്ള ഏകപക്ഷീയമായ ശ്രമങ്ങൾക്കെതിരെ ഒരുമിച്ചുനിന്ന് ശബ്‌ദമുയർത്തണം. കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി തർക്കവും യുക്രൈനെതിരായ റഷ്യയുടെ യുദ്ധവും തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. തന്‍റെ പ്രസംഗത്തില്‍ ബുദ്ധനേയും മോദി പരാമര്‍ശിച്ചു. ബുദ്ധന്‍ മുന്നോട്ടുവച്ച പാഠങ്ങളില്‍ നിന്നും പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചാല്‍ ആധുനിക യുഗത്തിൽ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാവില്ല.
മനുഷ്യത്വത്തിന്‍റെ പ്രശ്‌നമെന്ന് മോദി: യുക്രൈന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ സെലൻസ്‌കിയുമായി ശനിയാഴ്‌ച നടത്തിയ ചർച്ചകളെക്കുറിച്ചും മോദി തന്‍റെ പ്രസംഗത്തിൽ പരാമർശിച്ചു. 'ഇന്ന് നമുക്ക് പ്രസിഡന്‍റ് സെലൻസ്‌കിയെ കേള്‍ക്കാനായി. ഞാന്‍ ഇന്നലെ അദ്ദേഹത്തെ കണ്ടിരുന്നു. നിലവിലെ സാഹചര്യം രാഷ്‌ട്രീയത്തിന്‍റേയോ സമ്പദ്‌വ്യവസ്ഥയുടെയോ ഭാഗമായുള്ള ഒരു പ്രശ്‌നമായി ഞാൻ കണക്കാക്കുന്നില്ല. ഇത് മനുഷ്യത്വത്തിന്‍റെ പ്രശ്‌നമാണ്, മാനുഷിക മൂല്യങ്ങളുടെ പ്രശ്‌നമാണെന്ന് ഞാൻ വിശ്വസിക്കുന്നു' - പ്രധാനമന്ത്രി പറഞ്ഞു.
ALSO READ | ജി7 ഉച്ചകോടി: ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്കിൽ പുഷ്‌പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
സംവാദവും നയതന്ത്രവും മാത്രമാണ് ഏക പോംവഴിയെന്ന് തങ്ങൾ ആദ്യം മുതൽ പറഞ്ഞിരുന്നു. ഈ സാഹചര്യം പരിഹരിക്കാൻ, ഇന്ത്യയിൽ നിന്ന് ചെയ്യാൻ കഴിയുന്നതെല്ലാം തങ്ങൾ ചെയ്യും. ഏത് സംഘർഷവും തർക്കവും ചർച്ചയിലൂടെ സമാധാനപരമായി പരിഹരിക്കണം എന്നാണ് ഇന്ത്യയുടെ അഭിപ്രായം. നിലവിലെ ആഗോള സാഹചര്യത്തെ തുടര്‍ന്ന് ഭക്ഷ്യ, ഇന്ധന, രാസവള പ്രതിസന്ധിയെ തുടര്‍ന്നുള്ള പ്രത്യാഘാതങ്ങൾ വികസ്വര രാജ്യങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'വികസ്വര രാജ്യങ്ങളെ കൂടുതൽ ബാധിക്കും': 'ആഗോള തലത്തിലെ സമാധാനവും സുസ്ഥിരതയും സമൃദ്ധിയും നമ്മുടെ എല്ലാവരുടേയും പൊതുവായ ലക്ഷ്യമാണ്. പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്ന ഇന്നത്തെ ലോകത്ത്, ഏതെങ്കിലും ഒരു രാജ്യത്തുണ്ടാവുന്ന പിരിമുറുക്കം എല്ലാ രാജ്യങ്ങളേയും ബാധിക്കും. കൂടാതെ, പരിമിതമായ വിഭവങ്ങള്‍ മാത്രമുള്ള വികസ്വര രാജ്യങ്ങളെയാണ് ഈ പ്രതിസന്ധി കൂടുതൽ ബാധിക്കുക. നിലവിലെ ആഗോള സാഹചര്യം കാരണം ഭക്ഷ്യ, ഇന്ധന, വളം പ്രതിസന്ധി ഈ രാജ്യങ്ങൾ വലിയതോതില്‍ അനുഭവിക്കുന്നുണ്ട്' - മോദി പ്രസംഗത്തിനിടെ പറഞ്ഞു.