ന്യൂഡല്‍ഹി : ഇന്ത്യ ജി20 അധ്യക്ഷ പദവിയിലുള്ള ഇപ്പോള്‍ ജഡിപി കേന്ദ്രീകൃത ലോക വീക്ഷണം മനുഷ്യ കേന്ദ്രീകൃതമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിരുകള്‍ക്കും ഭാഷകള്‍ക്കും പ്രത്യയ ശാസ്‌ത്രങ്ങള്‍ക്കും അപ്പുറം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വീക്ഷണമാണ് ഇന്ത്യയുടെ വസുധൈവ കുടുംബകം എന്നും അദ്ദേഹം കുറിച്ചു. ജി20 ഉച്ചകോടിക്ക് മുന്നോടിയായി പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ കുറിച്ചും ലോക രാജ്യങ്ങളെ കുറിച്ചും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചും പങ്കുവച്ചിരിക്കുന്നത് (PM Modi Article Ahead G20 Summit).
'വസുധൈവ കുടുംബകം - ഈ രണ്ടുവാക്കുകള്‍ ആഴത്തിലുള്ള തത്വചിന്തയെ ഉള്‍ക്കൊള്ളുന്നു. ലോകം ഒരു കുടുംബം എന്നതാണ് അതിന്‍റെ അര്‍ഥം. അതിരുകള്‍ക്കും ഭാഷകള്‍ക്കും പ്രത്യയശാസ്‌ത്രങ്ങള്‍ക്കും അതീതമായി ഒരു സാര്‍വത്രിക കുടുംബമായി പുരോഗമിക്കാന്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വീക്ഷണമാണിത്' - അദ്ദേഹം ലേഖനത്തില്‍ പറയുന്നു (PM Modi about Vasudhaiva Kutumbakam).
ലേഖനം പൂര്‍ണ രൂപത്തില്‍ : വസുധൈവ കുടുംബകം എന്ന രണ്ടുവാക്കുകള്‍ ആഴത്തിലുള്ള തത്വചിന്തയെ ഉള്‍ക്കൊള്ളുന്നതാണ്. ലോകം ഒരു കുടുംബം എന്നതാണ് അത് അര്‍ഥമാക്കുന്നത്. അതിരുകള്‍ക്കും ഭാഷകള്‍ക്കും പ്രത്യയശാസ്‌ത്രങ്ങള്‍ക്കും അതീതമായി ഒരു സാര്‍വത്രിക കുടുംബമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വീക്ഷണമാണ് വസുധൈവ കുടുംബകം എന്നത്. ഇന്ത്യയുടെ ജി20 പ്രസിഡന്‍സിയുടെ കാലത്ത്, മനുഷ്യ കേന്ദ്രീകൃത പുരോഗതിക്കുള്ള ആഹ്വാനമായി ഈ ആപ്‌തവാക്യം കണക്കാക്കപ്പെടുന്നു. ഒരൊറ്റ ഭൂമി എന്ന നിലയില്‍ നമ്മുടെ ഗ്രഹത്തെ പരിപോഷിപ്പിക്കാന്‍ നമ്മള്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണം. ഒരു കുടുംബം എന്ന നിലയില്‍ വളര്‍ച്ചയെ പിന്തുടരാന്‍ നമ്മള്‍ പരസ്‌പരം പിന്തുണയ്‌ക്കുന്നു. ഭാവിയിലേക്കായി നാം പരസ്‌പരം പങ്കിട്ട് നീങ്ങുന്നു. പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്ന ഈ കാലത്ത് നിഷേധിക്കാനാകാത്ത വലിയ സത്യമാണത്.
കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ലോകവും അതിന് മുമ്പുള്ള ലോകവും തമ്മില്‍ വളരെ വലിയ അന്തരമുണ്ട്. മൂന്ന് പ്രധാന മാറ്റങ്ങളാണ് ലോകത്തിന് സംഭവിച്ചത്. ഒന്നാമതായി, ജിഡിപി കേന്ദ്രീകൃത ആഗോള വീക്ഷണത്തില്‍ നിന്ന് മനുഷ്യ കേന്ദ്രീകൃത വീക്ഷണത്തിലേക്ക് ഒരു മാറ്റം ആവശ്യമാണെന്ന തിരിച്ചറിവ് വളര്‍ന്നു. രണ്ടാമത്തേത്, ആഗോള വിതരണ ശൃംഖലകളില്‍ പ്രതിരോധ ശേഷിയുടെയും വിശ്വാസ്യതയുടെയും പ്രാധാന്യം ലോകം തിരിച്ചറിയുന്നു. മൂന്നാമതായി, ആഗോള സ്ഥാപനങ്ങളുടെ (Global institution) പരിഷ്‌കരണത്തിലൂടെ ബഹുരാഷ്‌ട്രവാദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു കൂട്ടായ അധ്വാനം ഉണ്ട്. ഇതിനെല്ലാമൊരു ഉത്തേജനമായി നമ്മുടെ ജി20 പ്രസിഡന്‍റ് സ്ഥാനം പ്രവര്‍ത്തിക്കുന്നു എന്നത് പ്രധാനമാണ്.
2022 ഡിസംബറില്‍, ഞങ്ങള്‍ ഇന്തോനേഷ്യയില്‍ നിന്ന് ജി20 പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തപ്പോള്‍ ജി20 വഴി ചില ചിന്താഗതികളില്‍ മാറ്റം വരുത്തുമെന്ന് ഞാന്‍ കുറിച്ചിരുന്നു. ഗ്ലാബല്‍ സൗത്ത് രാജ്യങ്ങള്‍, ആഫ്രിക്ക തുടങ്ങിയ വികസ്വര രാഷ്‌ട്രങ്ങളുടെ പാര്‍ശ്വവത്‌കരിക്കപ്പെട്ട അഭിലാഷങ്ങളെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന് ഇത് പ്രത്യേകിച്ചും ആവശ്യമായിരുന്നു.
125 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത വോയ്‌സ് ഓഫ് ഗ്ലാബല്‍ സൗത്ത് ഉച്ചകോടി നമ്മുടെ പ്രസിഡന്‍സിക്ക് കീഴില്‍ നടന്ന മുന്‍നിര സംരംഭങ്ങളില്‍ ഒന്നായിരുന്നു. ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങളും ആശയങ്ങളും ശേഖരിക്കുന്നതിന് വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഏറെ സഹായകമായി. കൂടാതെ, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും മികച്ച പങ്കാളിത്തത്തിന് നമ്മുടെ പ്രസിഡന്‍സി സാക്ഷ്യം വഹിക്കുകയാണ്. ഒപ്പം, ആഫ്രിക്കന്‍ യൂണിയനെ ജി20യുടെ സ്ഥിരാംഗമായി ഉള്‍പ്പെടുത്താനും നമ്മുടെ പ്രസിഡന്‍സി പ്രേരിപ്പിച്ചു.
എല്ലാ രാജ്യങ്ങളിലുമുള്ള വെല്ലുവിളികള്‍ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് പരസ്‌പര ബന്ധിതമായ ലോകം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. 2030 അജണ്ടയുടെ മധ്യവര്‍ഷത്തിലാണ് നാമിപ്പോള്‍. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (Sustainable Development Goals) പുരോഗതിയുടെ പാതയില്‍ അല്ലെന്ന് പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. സുസ്ഥിര വികസന ലക്ഷ്യങ്ങളെ പുരോഗതിയിലേക്ക് നയിക്കാന്‍ ഈ വര്‍ഷത്തെ ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ടുള്ള ആക്ഷന്‍ പ്ലാന്‍ സഹായിക്കും. ഇന്ത്യയില്‍, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നത് പുരാതന കാലം മുതല്‍ ഉള്ള പതിവാണ്. ആധുനിക കാലത്തും കാലാവസ്ഥ പ്രവര്‍ത്തനങ്ങളില്‍ നമ്മുടെ പങ്ക് സംഭാവന ചെയ്യുന്നുണ്ട്.
ഗ്ലോബല്‍ സൗത്തിലെ പല രാജ്യങ്ങളും വികസനത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. കാലാവസ്ഥ പ്രവര്‍ത്തനം പരസ്‌പര പൂരകമായ പരിശ്രമമായിരിക്കണം. കാലാവസ്ഥ പ്രവര്‍ത്തനത്തിനുള്ള അഭിലാഷങ്ങള്‍ ധനകാര്യത്തിലും സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിലും നടക്കുന്ന പ്രവര്‍ത്തനങ്ങളുമായി പൊരുത്തപ്പെടണം. എന്ത് ചെയ്യാന്‍ പാടില്ല എന്ന മനോഭാവത്തില്‍ നിന്ന് മാറി, കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാന്‍ എന്തുചെയ്യാനാകും എന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ക്രിയാത്മക മനോഭാവത്തിലേക്ക് മാറേണ്ടത് ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
സുസ്ഥിരവും സമുദ്ര സംബന്ധവുമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചെന്നൈ എച്ച്എല്‍പികള്‍ പോലുള്ളവ നമ്മുടെ സമുദ്രങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഗ്രീന്‍ ഹൈഡ്രജന്‍ ഇന്നൊവേഷന്‍ സെന്‍റര്‍ സഹിതം ശുദ്ധവും ഹരിതവുമായ ഹൈഡ്രജനായുള്ള ഒരു ആഗോള ആവാസവ്യവസ്ഥയെ കുറിച്ചും നമ്മുടെ പ്രസിഡന്‍സി ചര്‍ച്ച ചെയ്യും. 2015ലാണ് ഞങ്ങള്‍ ഇന്‍റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് ആരംഭിച്ചത്. ഇപ്പോള്‍ ഗ്ലോബല്‍ ബയോഫ്യുവല്‍ അലയന്‍സ് വഴി സമ്പദ്‌വ്യവസ്ഥയുടെ നേട്ടങ്ങള്‍ക്ക് അനുസൃതമായി ഊര്‍ജ സംക്രമണം സാധ്യമാക്കാന്‍ ഞങ്ങള്‍ ലോകത്തെ പിന്തുണയ്‌ക്കും.
കാലാവസ്ഥ പ്രവര്‍ത്തനത്തെ ജനാധിപത്യ വത്‌കരിക്കുക എന്നതാണ് പ്രവര്‍ത്തനങ്ങള്‍ ഫലവത്താകാനുള്ള ഏറ്റവും നല്ല മാര്‍ഗം. വ്യക്തികള്‍ അവരുടെ ദീര്‍ഘകാല ആരോഗ്യത്തെ അടിസ്ഥാനമാക്കി ദൈനംദിന തീരുമാനങ്ങള്‍ എടുക്കുന്നതുപോലെ, ഭൂമിയുടെ ദീര്‍ഘകാല ആരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങളിലും തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. യോഗ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു ആഗോള പ്രസ്ഥാനമായി മാറിയതുപോലെ, സുസ്ഥിര പരിസ്ഥിതിയ്‌ക്കുള്ള ജീവിത ശൈലി (LiFE) യിലൂടെ നമുക്ക് ലോകത്തെ നയിക്കാനാകും.
കാലാവസ്ഥ വ്യതിയാനത്തിന്‍റെ ആഘാതം മൂലം, ഭക്ഷണവും പോഷക സുരക്ഷയും ഉറപ്പാക്കുന്നതും നിര്‍ണായകമാകും. മില്ലെറ്റ്‌സ് അല്ലെങ്കില്‍ ശ്രീ അന്ന (Shree Anna) ക്ലൈമറ്റ് സ്‌മാര്‍ട്ട് കൃഷി രീതിയെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നവയാണ്. അന്താരാഷ്‌ട്ര മില്ലെറ്റ് വര്‍ഷത്തില്‍ നമ്മള്‍ അവ ആഗോള തീന്‍മേശയില്‍ എത്തിച്ചു. ഭക്ഷ്യ സുരക്ഷയും പോഷകാഹാരവും സംബന്ധിച്ച ഉന്നതതല തത്വങ്ങളും ഈ ദിശയില്‍ സഹായകമാണ്. സാങ്കേതികവിദ്യ പരിവര്‍ത്തനാത്മകമാണ്, പക്ഷേ അത് ഉള്‍ക്കൊള്ളുകയും വേണം എന്നത് പ്രധാനമാണ്. മുന്‍കാലങ്ങളില്‍ സാങ്കേതിക പുരോഗതിയുടെ നേട്ടങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്‌തിട്ടില്ല. സാങ്കേതിക വിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യ തെളിയിച്ചിട്ടുണ്ട്.
ഉദാഹരണത്തിന്, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍, ബാങ്കിങ് ചെയ്യപ്പെടാത്തതോ ഡിജിറ്റല്‍ ഐഡിന്‍റിറ്റികള്‍ ഇല്ലാത്തതോ ആയ ആളുകളെ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ (DPI) വഴി സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടുത്താം. ഇത്തരത്തില്‍ ഡിപിഐ ഉപയോഗിച്ചുള്ള വ്യവഹാരങ്ങളില്‍ ഇന്ത്യ മുന്നോട്ടുവച്ച ആശയങ്ങള്‍ ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍, ജി20 വഴി വികസ്വര രാജ്യങ്ങളെ ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതിന് ഡിപിഐ നിര്‍മിക്കാനും മറ്റും ഞങ്ങള്‍ സഹായിക്കും.
ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ ആണ് എന്നതില്‍ സംശയമില്ല. ഞങ്ങളുടെ ലളിതവും സുസ്ഥിരവുമായ ആശയങ്ങള്‍ ദുര്‍ബലരും പാര്‍ശ്വവത്‌കരിക്കപ്പെട്ടവരുമായ രാജ്യങ്ങളെ ഞങ്ങളുടെ വികസന പാത പിന്തുടരാന്‍ സഹായിക്കും. ബഹിരാകാശം മുതല്‍ കായികം, സമ്പദ്‌വ്യവസ്ഥ, സംരംഭകത്വം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യന്‍ വനിതകള്‍ പങ്കാളിത്തം അറിയിച്ചിട്ടുണ്ട്. സ്‌ത്രീകളുടെ വികസനം എന്നതില്‍ നിന്ന് സ്‌ത്രീകള്‍ നയിക്കുന്ന വികസനം എന്നായി മാറിയിരിക്കുന്നു. ഇന്ത്യയുടെ ജി20 പ്രസിഡന്‍സി ലിംഗപരമായ ഡിജിറ്റല്‍ വിഭജനം നികത്തുന്നതിനും തൊഴില്‍ പങ്കാളിത്തത്തിലെ വിടവുകള്‍ കുറയ്‌ക്കുന്നതിനും പര്യാപ്‌തമാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജി20 പ്രസിഡന്‍സി എന്നത് ഉന്നതതല നയതന്ത്ര ശ്രമം മാത്രമല്ല. ജനാധിപത്യത്തിന്‍റെ മാതാവെന്ന നിലയിലും വൈവിധ്യത്തിന്‍റെ മാതൃകയെന്ന നിലയിലും ഞങ്ങള്‍ ഞങ്ങളുടെ വാതില്‍ ലോകത്തിന് മുന്നില്‍ തുറന്നുവയ്‌ക്കുന്നു. 60 ഇന്ത്യന്‍ നഗരങ്ങളിലായി 200ലധികം യോഗങ്ങള്‍ സംഘടിപ്പിക്കും. ഇന്ത്യയുടെ പ്രസിഡന്‍സി കാലാവധി അവസാനിക്കുമ്പോഴേക്കും 125 രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം ഒരുലക്ഷം പ്രതിനിധികള്‍ പങ്കെടുക്കും. ഇത്രയും വിശാലവും വൈവിധ്യപൂര്‍ണവുമായ വിസ്‌തൃതി മറ്റൊരു പ്രസിഡന്‍സിയും ഉള്‍ക്കൊള്ളിച്ചിട്ടില്ല.
ഇന്ത്യയുടെ ജനസംഖ്യ ശാസ്‌ത്രം, ജനാധിപത്യം, വൈവിധ്യം, വികസനം എന്നിവയെ കുറിച്ച് മറ്റൊരാളില്‍ നിന്ന് കേള്‍ക്കുന്നത് പ്രധാനപ്പെട്ട കാര്യമാണ്. അവ നേരിട്ട് അനുഭവിക്കുക എന്നത് തികച്ചും വ്യത്യസ്‌തമാണ്. ഞങ്ങളുടെ ജി20 പ്രതിനിധികള്‍ ഇത് ഉറപ്പുനല്‍കുമെന്ന് വിശ്വസിക്കുന്നു. നമ്മുടെ ജി20 പ്രസിഡന്‍സി ഭിന്നിപ്പുകളെ മറികടക്കാനും തടസങ്ങള്‍ ഇല്ലാതാക്കാനും സഹവര്‍ത്തിത്തത്തിന്‍റെ വിത്തുകള്‍ പാകാനും ശ്രമിക്കുന്നു. ജി20 പ്രസിഡന്‍റ് എന്ന നിലയില്‍ എല്ലാ ശബ്‌ദവും കേള്‍ക്കുകയും എല്ലാ രാജ്യങ്ങളും സംഭാവന നല്‍കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ആഗോള പട്ടിക വലുതാക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞയെടുക്കുന്നു. പ്രവര്‍ത്തനങ്ങളും ഞങ്ങളുടെ പ്രതിജ്ഞയും പൊരുത്തപ്പെടും എന്നതില്‍ അതിയായ ശുഭാപ്‌തി വിശ്വാസമുണ്ട്.