ന്യൂഡൽഹി : വെര്‍ച്വലായി സംഘടിപ്പിക്കുന്ന ജി - 7 ഉച്ചകോടിയില്‍ ജൂണ്‍ 12,13 ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. കൊവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഇതേ ദിവസങ്ങളിലായിരിക്കും ഉച്ചകോടിയില്‍ പങ്കെടുക്കുക.
ബ്രിട്ടണ്‍ അധ്യക്ഷത വഹിക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളായിരിക്കും പങ്കെടുക്കുക. 'ബില്‍ഡ് ബാക്ക് ബെറ്റർ' എന്നാണ് ഇത്തവണത്തെ ജി- 7 ഉച്ചകോടി ആപ്തവാക്യം.
also read: ജി 7 യോഗത്തിൽ യു എസ് പ്രതിനിധി സംഘം പങ്കെടുക്കില്ലെന്ന് ഉദ്യോഗസ്ഥർ
കൊവിഡ് ബാധയില്‍ നിന്ന് ലോകത്തെ കരകയറ്റുക, ഭാവിയില്‍ വരാനിരിക്കുന്ന മഹാമാരികളില്‍ നിന്ന് സംരക്ഷണമൊരുക്കുക, സ്വതന്ത്രവും ന്യായമായതുമായ വ്യാപാരത്തിൽ വിജയിക്കുക, കാലാവസ്ഥ വ്യതിയാനങ്ങളെ അനുകൂലമാക്കി ഭാവി ശോഭനമാക്കുക, ജൈവവൈവിധ്യത്തെ സംരക്ഷിക്കുക തുടങ്ങിയ വിഷയങ്ങളാകും ഇത്തവണ ചര്‍ച്ചയാകുക.
ഇത് രണ്ടാം തവണയാണ് ജി 7 യോഗത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നത്. 2019ൽ ഫ്രാൻസില്‍ നടന്ന സമ്മേളനത്തിലാണ് ഇതിന് മുന്‍പ് പങ്കെടുത്തത്.