ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്‍റെ ഗുരുതരമായ രണ്ടാം ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. മുന്നറിയിപ്പുകൾ അവഗണിച്ചാണ് തെരഞ്ഞെടുപ്പ് റാലികളും കുംഭ മേളയും നടത്തിയതെന്നും സിബല്‍ പറഞ്ഞു.
കൂടുതല്‍ വായനയ്ക്ക്: കൊവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ രാജ്യത്ത് 3.82 ലക്ഷം രോഗികൾ
ഇത്തരമൊരു മഹാമാരിയെ എങ്ങനെ കൈകാര്യം ചെയ്യരുതെന്ന് മോദി ഭരണകൂടം ലോകത്തിനു കാണിച്ചുകൊടുത്തെന്നും കോൺഗ്രസ് നേതാവ് വിമര്‍ശിച്ചു. പ്രധാനമന്ത്രി മോദി രാജ്യത്തോട് മാപ്പ് പറയണം. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി ഉള്‍പ്പെടെ അസം, പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നു. പുറമെ, ഒരു മാസം നീണ്ടുനിൽക്കുന്ന കുംഭമേള ഹരിദ്വാറിൽ സംഘടിപ്പിച്ചു. മാര്‍ച്ചില്‍ കൊവിഡിന്‍റെ പുതിയ വകഭേദം രാജ്യത്താകെ പടരുമെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ ലാബുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, കൊവിഡ് -19 മഹാമാരി അവസാനിച്ചുവെന്ന് കേന്ദ്രസർക്കാർ കരുതിയെന്നും കപിൽ സിബൽ ആരോപിച്ചു.
രാഷ്ട്രീയ റാലികൾ നടത്താമെന്നും കുംഭമേള സംഘടിപ്പിക്കാമെന്നും സർക്കാർ കരുതി. ലോക സാമ്പത്തിക ഫോറം അവരെ പ്രശംസിയ്ക്കുകയുണ്ടായി. പരിശോധന ഇല്ലാത്തതും ഓക്സിജൻ ഇല്ലാത്തതുമായ ഒരു ഘട്ടം വരുമെന്ന് കേന്ദ്ര സര്‍ക്കാരിന് അറില്ലായിരുന്നുവെന്നും സിബല്‍ ഉന്നയിച്ചു. ഇന്ത്യ നിലവില്‍ കൊവിഡിന്‍റെ വിനാശകരമായ രണ്ടാം തരംഗത്തിന്‍റെ പിടിയിലാണ്. പ്രതിദിനം മൂന്ന് ലക്ഷത്തിലധികം പുതിയ അണുബാധകളും മൂവായിരത്തിലധികം മരണങ്ങളുമാണ് രജിസ്റ്റർ ചെയ്യുന്നത്.