ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ ഇന്ന് നടക്കുന്ന പ്രചാരണങ്ങളില്‍ പ്രധാനമന്ത്രി മോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും. ഇന്ന് നടക്കുന്ന പൊതുപരിപാടികളില്‍ ഇരുവരും ജനങ്ങളെ അഭിസംബോധന ചെയ്യും.
ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ പുര്‍ബ ബര്‍ദമാന്‍ ജില്ലയില്‍ തളിത് സായി കേന്ദ്രത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. തുടര്‍ന്ന് 1.40ന് നദിയ ജില്ലയിലെ കല്യാണി യൂനിവേഴ്‌സിറ്റി മൈതാനത്ത് നടക്കുന്ന റാലിയിലും, നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ ബറാസത്തില്‍ 3.10ന് നടക്കുന്ന റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും.
അതേ സമയം ആഭ്യന്തര മന്ത്രി അമിത് ഷാ കലിംപോങ് ജില്ലയില്‍ 11.30ന് നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. തുടര്‍ന്ന് ജല്‍പയ്‌ഗുരി ജില്ലയിലും ഹേംതാബാദ് വിധാൻ സഭാ മണ്ഡലത്തിലും നടക്കുന്ന പൊതുയോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. സിലിഗുരിയില്‍ നടക്കുന്ന റോഡ് ഷോയിലും അമിത് ഷാ പങ്കെടുക്കും. ഞായറാഴ്ചയും ബംഗാളിലെ നിരവധിയിടങ്ങളില്‍ സംഘടിപ്പിച്ച പൊതുയോഗങ്ങളിലും, റോഡ് ഷോകളിലും അമിത് ഷാ പങ്കെടുത്തിരുന്നു.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ ദിവസമാണ് നടന്നത്. നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ കൂച്ച് ബെഹറിലെ പോളിങ് ബൂത്തില്‍ സംഘര്‍ഷം നടന്നിരുന്നു. സംഘർഷത്തിലും വെടിവെപ്പിലും നാല് പേർ മരിച്ചതായാണ് റിപ്പോർട്ട്. കേന്ദ്രസേന വെടിയുതിർത്തതില്‍ പ്രതിഷേധിച്ച് ടിഎംസിയും രംഗത്തെത്തിയിരുന്നു.
കൂടുതല്‍ വായനയ്‌ക്ക്: പശ്ചിമ ബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പ്: വ്യാപക അക്രമം, നാല് പേർ കൊല്ലപ്പെട്ടു
ഏപ്രില്‍ 17നാണ് സംസ്ഥാനത്ത് അഞ്ചാം ഘട്ട വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ 22ന് ആറാം ഘട്ട വോട്ടെടുപ്പ് നടക്കും. മെയ് 2 നാണ് ബംഗാളില്‍ വോട്ടെണ്ണല്‍.