ന്യൂഡല്‍ഹി : അദാനി വിഷയത്തില്‍ പാര്‍ലമെന്‍റ് മുദ്രാവാക്യങ്ങൾകൊണ്ട് പ്രക്ഷുബ്‌ധമാകുമ്പോള്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അവര്‍ എത്രത്തോളം ചെളി വാരിയെറിയുന്നുവോ അത്രത്തോളം താമര വിരിയുമെന്നായിരുന്നു പ്രതിപക്ഷത്തോടുള്ള പ്രധാനമന്ത്രിയുടെ പരിഹാസം. അതേസമയം കഴിഞ്ഞദിവസം സഭയിലുണ്ടായത് പോലെ തന്നെ രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് നന്ദിയറിയിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗത്തിലുടനീളം 'മോദി-അദാനി, ഭായ്-ഭായ്' എന്ന മുദ്രാവാക്യം മുഴക്കുകയായിരുന്നു പ്രതിപക്ഷം.
നിങ്ങള്‍ 'വര്‍ണങ്ങള്‍' എറിയൂ : ചില എംപിമാര്‍ സഭയ്‌ക്ക് അപകീര്‍ത്തി വരുത്തുന്നു. ഈ മഹത്തരമായ ഭവനത്തില്‍ ചിലരുടെയെല്ലാം മനോഭാവവും അവരുടെ പ്രസംഗവുമെല്ലാം രാജ്യത്തെ തന്നെ നിരാശപ്പെടുത്തുന്നതാണ്. ചിലരുടെ കൈകളില്‍ ചെളി ഉണ്ടായിരുന്നു. പക്ഷേ എനിക്കത് വര്‍ണങ്ങളാണ്. എല്ലാവരും അവരവരുടെ കൈകളിലുണ്ടായിരുന്നത് എന്തായിരുന്നോ അത് എറിഞ്ഞു. നിങ്ങള്‍ എത്രമാത്രം ചെളി എറിയുന്നുവോ അത്രയുമധികം താമര വിരിയും എന്ന് പ്രധാനമന്ത്രി തന്‍റെ പ്രസംഗത്തില്‍ അറിയിച്ചു. താമര വിരിയിക്കുന്നതില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും തന്നെ തുല്യപങ്കാണുള്ളത് എന്നറിയിച്ച അദ്ദേഹം പ്രസംഗത്തിലുടനീളം തന്‍റെ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറയാനും മറന്നില്ല.
രാഹുലിന്‍റെ വിമര്‍ശനങ്ങള്‍ : അതേസമയം അദാനി ഗ്രൂപ്പിനെതിരെ ഓഹരി കൃത്രിമം കാണിച്ചുവെന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്‍റെ സ്ഫോടനാത്മക റിപ്പോർട്ടിനെ അടിസ്ഥാനമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മറുപടി എന്നതും ശ്രദ്ധേയമാണ്. റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷവും ആരോപണവിധേയനായ ശതകോടീശ്വരന്‍ ഗൗതം അദാനിക്കെതിരെ പ്രധാനമന്ത്രി ഒരു വാക്കുപോലും ഉരിയാടിയില്ല എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രിയാണെന്നതില്‍ സംശയമില്ലെന്നും ഇതൊരു ദേശീയ സുരക്ഷാ പ്രശ്‌നമാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു.
ചിരിച്ച് പ്രതിരോധിച്ച് : അദാനി സുഹൃത്തല്ലെങ്കില്‍ പ്രധാനമന്ത്രി എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുന്നില്ലെന്ന ചോദ്യവും രാഹുല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എറിഞ്ഞിരുന്നു. തന്‍റെ വളരെ ലളിതമായൊരു ചോദ്യത്തിന് പോലും മറുപടിയില്ലാത്തതിലൂടെ സത്യം തെളിഞ്ഞതായും രാഹുല്‍ പ്രധാനമന്തിയെ പരിഹസിച്ചിരുന്നു. എന്നാല്‍ ദിവസങ്ങളായി നീളുന്ന പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലും ഇന്ത്യയുടെ വളര്‍ച്ചയും മറ്റും ഉയര്‍ത്തിപ്പിടിച്ചുള്ള സുരക്ഷാകവചമൊരുക്കിയായിരുന്നു പ്രധാനമന്ത്രിയുടെ മറുപടികളത്രയും.