ജാംനഗർ (ഗുജറാത്ത്) : ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സെന്‍റർ ഫോർ ട്രഡീഷണൽ മെഡിസിൻ (ജിസിടിഎം) ജാംനഗറിൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ.ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‌നാഥ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്‌ഘാടനം. ആരോഗ്യമാണ് ആത്യന്തിക ലക്ഷ്യമെന്നും ലോകാരോഗ്യ സംഘടനയുടെ പുതിയ കേന്ദ്രം ആരോഗ്യത്തിനായി യോഗയെ ഉപയോഗപ്പെടുത്തുമെന്നും ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിലെ പരമ്പരാഗത വൈദ്യശാസ്‌ത്രത്തിന്‍റെ വാതിലാണ് കേന്ദ്രം സ്ഥാപിച്ചതിലൂടെ തുറന്നിരിക്കുന്നത്. ഡോ. ടെഡ്രോസിനെ തനിക്ക് വളരെക്കാലമായി അറിയാം. ഇന്ത്യയോടുള്ള അദ്ദേഹത്തിന്‍റെ വാത്സല്യമാണ് ഈ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ രൂപത്തിൽ വെളിവാകുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. പരമ്പരാഗത വൈദ്യശാസ്ത്രത്തിനായുള്ള ഏക ആഗോള കേന്ദ്രമായിരിക്കും ജിസിടിഎം. ആഗോള ആരോഗ്യത്തിന്‍റെ ഒരു അന്താരാഷ്ട്ര കേന്ദ്രമായി ഇത് ഉയർന്നുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.