ന്യൂഡല്‍ഹി: റഷ്യയുമായി നിര്‍ണായക മേഖലകളില്‍ സഹകരണം ശക്‌തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയിലെ വ്ലഡിവോസ്‌റ്റോക്കില്‍ നടക്കുന്ന ഈസ്‌റ്റേണ്‍ ഇക്കണോമിക് ഫോറത്തിന്‍റെ പ്ലീനറി സെഷനില്‍ വീഡിയോകോണ്‍ഫറന്‍സിങ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതീക്ഷകളുടെ ഒരു ബൊക്കെയാണ് ലോകത്തിനായി ഇന്ത്യയ്‌ക്ക് സമര്‍പ്പിക്കാനുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജനാധിപത്യത്തിലുള്ള വിശ്വാസം, 21ാം നൂറ്റാണ്ടിനെ ശാക്തീകരിക്കാനുള്ള സാങ്കേതിക വിദ്യ, പൗരന്‍മാരുടെ കഴിവും സ്വഭാവ സവിശേഷതകളും ഇവയാണ് ഇന്ത്യ ലോകത്തിന് നല്‍കുന്ന പ്രതീക്ഷകളെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഈ മാസം വ്ലാഡിവൊസ്‌റ്റോക്കില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആരംഭിച്ച് 30 വര്‍ഷം പൂര്‍ത്തിയാകാന്‍ പോകുകയാണെന്ന കാര്യവും നരേന്ദ്ര മോദി പറഞ്ഞു. വ്ലാഡിവൊസ്‌റ്റൊ നഗരത്തില്‍ കോണ്‍സുലേറ്റ് ആരംഭിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.
റഷ്യന്‍ ഫാര്‍ ഈസ്‌റ്റിന്‍റെ പുരോഗതിക്കുള്ള രാജ്യാന്തര സഹകരണത്തിന്‍റെ പ്രധാന വേദിയായി 2015ല്‍ ആരംഭിച്ച ഈസ്‌റ്റേണ്‍ ഇക്കണോമിക് ഫോറം മാറിയിരിക്കുകയാണ്. ഇതിന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനെ താന്‍ അഭിനന്ദിക്കുന്നു എന്നും മോദി പറഞ്ഞു. 2019ല്‍ ആക്റ്റ് ഫാര്‍ ഈസ്‌റ്റ് നയം ഇന്ത്യന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു.
ഈ നയത്തിന് ശേഷം റഷ്യന്‍ ഫാര്‍ ഈസ്‌റ്റുമായുള്ള ഇന്ത്യന്‍ സഹകരണം പല മേഖലകളിലും വര്‍ധിച്ചു . പ്രത്യേകതകള്‍ നിറഞ്ഞതും തന്ത്രപരവുമായ ഇന്ത്യ റഷ്യ ബന്ധത്തിന്‍റെ പ്രധാന തൂണായി ഇത് വര്‍ത്തിക്കുകയാണ്. ഊര്‍ജമേഖലയിലും ആര്‍ടിക് വിഷയങ്ങളിലും റഷ്യയുമായി ഇന്ത്യ കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഊര്‍ജമേഖലയില്‍ ഇന്ത്യ റഷ്യ സഹകരണത്തിന്‍റെ സാധ്യതകള്‍ അനന്തമാണ്. ഫാര്‍മസ്യൂട്ടിക്കലിലും ഡയമണ്ട് മേഖലയിലും റഷ്യന്‍ ഫാര്‍ ഈസ്‌റ്റില്‍ ഇന്ത്യ വലിയ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു.
ഇന്ത്യ ലോകത്തിന് നല്‍കുന്ന പ്രതീക്ഷകള്‍: ലോകത്തിന് ഇന്ത്യ എത്രമാത്രം പ്രതീക്ഷയാണ് നല്‍കുന്നത് എന്ന കാര്യവും മോദി വിശദീകരിച്ചു. "ഒരു വര്‍ഷത്തില്‍ ഇന്ത്യ 160 കോടി കൊവിഡ് വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്. ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ ലോകത്തിന് വലിയ പ്രതീക്ഷയാണ് ഇന്ത്യ. കൊവിഡ് മഹാമാരിയുടെ സമയത്ത് 'ഒരു ഭൂമി, ഒരു ആരോഗ്യം' എന്ന ദര്‍ശനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യ പ്രവര്‍ത്തിച്ചു. പല രാജ്യങ്ങളിലേക്കും മരുന്നുകള്‍ ഇന്ത്യ കയറ്റി അയച്ചു. ദശലക്ഷകണക്കിന് ജീവനുകള്‍ രക്ഷിക്കാന്‍ ഇതിലൂടെ സാധിച്ചു. ലോകത്തിന്‍റെ ഫാര്‍മസിയാണ് ഇന്ത്യ. കൊവിഡ് സൃഷ്‌ടിച്ച വെല്ലുവിളികള്‍ക്കിടയിലും സാമ്പത്തിക വളര്‍ച്ച താഴാതെ നോക്കാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചപ" മോദി പറഞ്ഞു.
ഈ വര്‍ഷം ഫെബ്രുവരി 24 ന് റഷ്യ യുക്രൈനില്‍ പ്രത്യേക സൈനിക നടപടി ആരംഭിച്ചതിന് ശേഷം റഷ്യയെ അന്താരാഷ്‌ട്ര തലത്തില്‍ ഒറ്റപ്പെടുത്താന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ശക്തികള്‍ ശ്രമിക്കുകയാണ്. റഷ്യയ്‌ക്കെതിരെയുള്ള ഉപരോധത്തില്‍ ഇന്ത്യയും ഭാഗഭാക്കാവണമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റഷ്യയ്‌ക്കെതിരെയുള്ള സാമ്പത്തിക ഉപരോധത്തില്‍ ഇന്ത്യ പങ്കെടുത്തില്ല എന്ന് മാത്രമല്ല റഷ്യയുമായുള്ള അസംസ്‌കൃത എണ്ണ വ്യാപാരം കൂടുതല്‍ വര്‍ധിപ്പിക്കുകയാണ് ചെയ്‌തത്.
ഇന്ത്യ അസംസ്‌കൃത എണ്ണ ഏറ്റവും കൂടുതല്‍ ഇറക്കുമതിചെയ്യുന്ന രണ്ടാംമത്തെ രാജ്യമായി റഷ്യമാറി. യുക്രൈന്‍ യുദ്ധത്തിന് മുമ്പ് നാമമാത്രമായ അസംസ്‌കൃത എണ്ണ മാത്രമെ റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്‌തിരുന്നുള്ളൂ. അന്താരാഷ്‌ട്ര വിപണയിലെ വിലയേക്കാളും ബാരലിന് ഏകദേശം 30 അമേരിക്കന്‍ ഡോളര്‍ കുറച്ച് അസംസ്‌കൃത എണ്ണ ഇന്ത്യയ്‌ക്ക് വില്‍ക്കാന്‍ റഷ്യ തയ്യാറായതാണ് ആ രാജ്യത്ത് നിന്നും എണ്ണ ഇറക്കുമതി വര്‍ധിക്കാന്‍ പ്രധാന കാരണം.