ന്യൂഡല്‍ഹി : സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികളിലേര്‍പ്പെട്ടിരിക്കുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൊഴിലിടത്തില്‍ തന്നെയാണ് തങ്ങുന്നതെന്ന് വിശദീകരിച്ച് കേന്ദ്രം. തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ടിപിസിആര്‍ പരിശോധനയും മെഡിക്കല്‍ സൗകര്യങ്ങളും ഉള്‍പ്പെടെ സജീകരിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
തൊഴിലാളികളെ സമീപ നഗരത്തിലെ ക്യാമ്പില്‍നിന്ന് ദിവസവും കൊണ്ടുവരികയാണെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. കൊവിഡ് പ്രോട്ടോക്കോളും മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിക്കുന്നുണ്ട്. ആര്‍ടിപിസിആര്‍ പരിശോധന, മെഡിക്കല്‍ പരിചരണം, ഐസൊലേഷന്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് എത്രയുംവേഗം ആരോഗ്യ പരിചരണവും ചികിത്സയും ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും.
400 തൊഴിലാളികളില്‍ 250 പേര്‍ക്കാണ് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവിടെ തുടര്‍ന്ന് ജോലി ചെയ്യാന്‍ അവര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ശുചിത്വം, തെര്‍മല്‍ സ്‌ക്രീനിംഗ്, സാമുഹിക അകലം, മാസ്‌ക് ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുമുണ്ട്. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും പബ്ലിക് ഡൊമെയ്‌നില്‍ ലഭ്യമാണ്. അതെല്ലാം അവഗണിച്ചുകൊണ്ടാണ് പരാതിക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നത്. നിയമപ്രക്രിയയെ ദുരുപയോഗം ചെയ്യുന്ന ഹര്‍ജികള്‍ തള്ളിക്കളയണമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അഭ്യര്‍ഥിച്ചു.
ഡല്‍ഹിഹൈക്കോടതി ഉന്നയിച്ച സംശയങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാറിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത മറുപടി നല്‍കിത്. സെന്‍റര്‍ വിസ്ത പദ്ധതിയെ സംബന്ധിച്ച് വരുന്ന 17 ന് കോടതി വിശദമായി വാദം കേൾക്കും.കൊറോണ മാനദണ്ഡമനുസരിച്ച് ഓണ്‍ലൈനിലാകും ഹര്‍ജികള്‍ കോടതി പരിഗണിക്കുക. ഏപ്രില്‍ 19ന് പുറത്തിറങ്ങിയ ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം തൊഴിലാളികള്‍ തൊഴിലിടത്തില്‍ തന്നെ താമസിക്കുകയാണെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാം.
Read Also….. സെൻട്രൽ വിസ്ത നിര്‍ത്തലാക്കാനാവശ്യപ്പെടുന്ന ഹർജി മെയ് 17ന് പരിഗണിക്കും
ഡല്‍ഹിയില്‍ കര്‍ശന ലോക്ഡൗണ്‍ തുടരുമ്പോഴും സെന്‍ട്രല്‍ വിസ്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ചോദ്യം ചെയ്ത് അന്യ മല്‍ഹോത്ര, സൊഹാലി ഹഷ്മി എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. തൊഴിലാളികള്‍ക്ക് കോവിഡ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്ത് കോവിഡ് വ്യാപനം ഉണ്ടായേക്കുമെന്നും ചുണ്ടിക്കാട്ടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്. സെന്‍ട്രല്‍ വിസ്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ അവശ്യ സേവനമാകുമെന്നും ഹര്‍ജിയില്‍ ഇവര്‍ ഉന്നയിക്കുന്നു.
നിലവിലെ പാര്‍ലമെന്‍റ് മന്ദിരം അടക്കം എല്ലാ കേന്ദ്ര സര്‍ക്കാര്‍ കാര്യാലയങ്ങളും ഒരേ മേഖലയില്‍ കേന്ദ്രീകരിച്ചും പരസ്പരം ബന്ധിപ്പിച്ചുമുള്ള അതിനൂതനവും അത്യാധുനികവുമായ പദ്ധതിക്കാണ് തുടക്കം കുറിച്ചത്. ഡല്‍ഹിയുടെ മനോഹാരിത നഷ്ടപ്പെടാതെയും മരങ്ങളും പൊതു മൈതാനങ്ങളും നഷ്ടപ്പെടാതെയും നിര്‍മാണം വേണമെന്ന വിവിധ മേഖലയുടെ ആവശ്യമാണ് ഡല്‍ഹി ഹൈക്കോടതിക്ക് മുമ്പാകെയുള്ളത്.
ഡല്‍ഹി നഗരത്തിലെ മരങ്ങളെ ബാധിക്കാത്തവിധവും മറ്റ് ആവാസവ്യവസ്ഥകളെ സംരക്ഷിച്ചുമായിരിക്കും പദ്ധതി പൂര്‍ത്തീകരിക്കുകയെന്ന് മുന്നേതന്നെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കോടതിയെ ബോധിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന്‍റെ രേഖാമൂലമുള്ള സമഗ്ര റിപ്പോര്‍ട്ടാണ് ജസ്റ്റിസ് ഡി.എന്‍.പട്ടേല്‍, ജസ്റ്റിസ് ജസ്മീത് സിംഗ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന് മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്.