ന്യൂഡൽഹി: കൊവിഡ് വാക്സിനേഷന്‍റെ മൂന്നാം ഘട്ട രജിസ്ട്രേഷൻ ബുധനാഴ്ച ആരംഭിക്കും. കൊവിൻ പോർട്ടൽ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. 18 മുതൽ 44 വയസുവരെയുള്ളവർക്ക് മെയ് ഒന്നു മുതൽ വാക്സിൻ ലഭ്യമാകും. പേര് രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ഏത് വാക്സിനാണെന്നും അതിന്‍റെ വിലയും കൊവിൻ പോർട്ടലിൽ കാണാൻ സാധിക്കും. 18 നും 44 നും ഇടയിൽ പ്രായമുള്ളവർക്ക് സ്വകാര്യ കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് തുക നൽകിയ ശേഷം വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന കൊവിഷീൽഡ് വാക്സിൻ സംസ്ഥാനങ്ങൾക്ക് ഒരു ഡോസിന് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയുമാണ് ഈടാക്കുന്നത്. ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ സംസ്ഥാനങ്ങൾക്ക് ഒരു ഡോസിന് 600 രൂപയും സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 1,200 രൂപയുമാണ് ഈടാക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
ആരോഗ്യ പ്രവർത്തകർ, ഫ്രണ്ട് ലൈൻ തൊഴിലാളികൾ, 45 വയസിനു മുകളിലുള്ള പൗരന്മാർ തുടങ്ങി എല്ലാ മുൻഗണന വിഭാഗങ്ങൾക്കും സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് സൗജന്യമായും സ്വകാര്യ സ്ഥാപനങ്ങളിൽ പണമടച്ച ശേഷമോ വാക്സിൻ ലഭ്യമാകുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന, യുടി സർക്കാരുകൾക്ക് നിർമാതാക്കളിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങാവുന്നതാണ്. മെയ് ഒന്ന് മുതൽ കൊവിഡിനെതിരെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ ലഭിക്കാൻ അർഹതയുണ്ടെന്ന് ഏപ്രിൽ 19ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.