ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടിയ അപേക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ച് കൊവിഡ് വാക്‌സിന്‍ നിര്‍മാതാക്കളായ ഫൈസര്‍. ഫെബ്രുവരി മൂന്നിന് ഡ്രഗ് റെഗുലേറ്ററി ഓഫ് ഇന്ത്യയുടെ സബ്‌ജക്‌റ്റ് എക്‌സ്പേര്‍ട്ട് കമ്മിറ്റി യോഗത്തില്‍ ഫൈസര്‍ കമ്പനി പങ്കെടുത്തിരുന്നു. ചര്‍ച്ചക്കൊടുവില്‍ അനുമതിക്ക് ആവശ്യമായ അധിക വിവരങ്ങളെക്കുറിച്ച് മനസിലാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന അപേക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ഫൈസര്‍ കമ്പനി വക്താവ് അറിയിച്ചു.
ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റിയുമായി ബന്ധപ്പെടുന്നത് തുടരുമെന്നും അധിക വിവരങ്ങള്‍ ഉള്‍പ്പെടുത്തി വീണ്ടും അപേക്ഷ സമര്‍പ്പിക്കുമെന്നും ഫൈസര്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ വാക്‌സിനെത്തിക്കുന്നതിനായി ഫൈസര്‍ പ്രതിജ്ഞാബന്ധമാണെന്നും അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി ആവശ്യമായ നടപടികള്‍ തുടരുമെന്നും ഫൈസര്‍ കമ്പനി വക്താവ് വ്യക്തമാക്കി.