ന്യൂഡൽഹി: പതിവായി വ്യായാമം ചെയ്യുന്നവർ, സാമൂഹിക അകലം പാലിച്ച് 30 മിനിട്ട് നടക്കുന്നവർ തുടങ്ങിയവർക്ക് കൊവിഡിനെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് പഠന റിപ്പോർട്ട്. ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2020 ജനുവരി ഒന്നിനും 2020 ഒക്ടോബർ 21നും ഇടയിൽ കൊവിഡ് ബാധിച്ച 48,440 മുതിർന്നവരിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകൾ. എന്നാൽ ഉദാസീനരായി ഇരിക്കുന്ന കൊവിഡ് ബാധിതരെ ഐസിയുവിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്നും സ്ഥിരമായി ഈ അവസ്ഥ തുടർന്നാൽ മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു.
60 വയസ്സിനു മുകളിൽ പ്രായമുള്ളവരും അവയവമാറ്റ ശസ്‌ത്രക്രിയ ചെയ്‌തിട്ടുള്ളവരും ഉദാസീനരായി ഇരുന്നാൽ കൊവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത വളരെയധികം കാണുന്നുണ്ട്. എപ്പോഴും സജീവമയിരിക്കുന്ന രോഗികൾക്ക് പോലും കടുത്ത കൊവിഡ് വരാനുള്ള സാധ്യത കുറവാണ്. ആരോഗ്യകരമായ ജീവിതശൈലിയുടെയും പ്രത്യേകിച്ച് ശാരീരിക പ്രവർത്തനങ്ങളുടെയും പ്രാധാന്യം മനസിലാക്കാനുള്ള ഒരു ആഹ്വാനം കൂടിയാണിതെന്ന് യുഎസിലെ കൈസർ പെർമനന്‍റ് ഫോണ്ടാന മെഡിക്കൽ സെന്‍ററിലെ ഡോക്‌ടർ റോബർട്ട് ഇ സാലിസ് അഭിപ്രായപ്പെട്ടു.
പഠനം നടത്തിയവരിൽ 6.4 ശതമാനം പേർ സ്ഥിരമായി സജീവമാണെന്നും 14.4 ശതമാനം പേർ സ്ഥിരമായി നിഷ്‌ക്രിയരായിരിക്കുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് രോഗികളിൽ 8.6 ശതമാനം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 2.4 ശതമാനം പേരെ ഐസിയുവിൽ പ്രവേശിപ്പിക്കുകയും 1.6 ശതമാനം പേർ മരിക്കുകയും ചെയ്‌തു. അമിതവണ്ണം, പുകവലി തുടങ്ങിയവയുള്ളവരെ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നുവെന്നും ആശുപത്രി പ്രവേശനം, ഐസിയു പ്രവേശനം, മരണം എന്നിവയുമായി നിഷ്‌ക്രിയത്വം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തിയെന്നുംകൈസർ പെർമനന്‍റ് സതേൺ കാലിഫോർണിയയിൽ നിന്നുള്ള ഡെബോറ റോം യംഗ് പറഞ്ഞു.
ദിവസം 30 മിനിറ്റ്, ആഴ്‌ചയിൽ അഞ്ച് ദിവസം എന്നിങ്ങനെ കണക്ക് വച്ച് നടത്തം ശീലമാക്കുന്നതോടെ കൊവിഡിനെ തടഞ്ഞു നിർത്താൻ സാധിക്കുമെന്നും ഈ കൊവിഡ് യുഗത്തിൽ വ്യായാമം എല്ലാവരും ശീലമാക്കേണ്ട മരുന്നാണെന്നും വിദഗ്‌ധർ പറയുന്നു.