ശ്രീനഗർ : തെരഞ്ഞെടുപ്പ് കമ്മിഷനെ ബിജെപി അട്ടിമറിച്ചെന്ന ആരോപണവുമായി ജമ്മു കശ്‌മീർ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്‌ബൂബ മുഫ്‌തി രംഗത്ത്. ബിജെപി പറയുന്നതാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയ്യുന്നതെന്ന് മെഹ്‌ബൂബ മുഫ്‌തി ആരോപിച്ചു. രാജ്യം അഭിമാനിക്കുന്ന ഒരു സ്വതന്ത്ര സ്ഥാപനമല്ലെന്ന തരത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അട്ടിമറിക്കപ്പെട്ടു.
തെരഞ്ഞെടുപ്പ് നടത്തുന്നതിനായി വിദഗ്‌ധോപദേശം തേടാന്‍ മറ്റ് രാജ്യങ്ങൾ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ ക്ഷണിക്കാറുണ്ടായിരുന്നുവെന്നും മുഫ്‌തി ചൂണ്ടിക്കാട്ടി. ''ഹിമാചല്‍ പ്രദേശില്‍ മതം അടിസ്ഥാനമാക്കിയാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിച്ചത്. ബിജെപി തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചിട്ടും നടപടിയെടുക്കുന്നതില്‍ കമ്മിഷന്‍ പരാജയപ്പെട്ടു'' - മെഹ്‌ബൂബ മുഫ്‌തി പറഞ്ഞു.
മുസ്‌ലിങ്ങള്‍ പരസ്യമായി ഭീഷണിക്ക് ഇരകളാകുമ്പോഴും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശബ്‌ദരായി തുടരുകയാണെന്നും മെഹ്‌ബൂബ മുഫ്‌തി കുറ്റപ്പെടുത്തി. ''ജമ്മു കശ്‌മീരിൽ എപ്പോൾ തെരഞ്ഞെടുപ്പ് നടക്കുമെന്ന് പറയാനാകില്ല. അത് തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കും.
ബിജെപി പറയുമ്പോള്‍ കമ്മിഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളെയും തകിടം മറിക്കാന്‍ ശ്രമിക്കുകയാണ്. കശ്‌മീരിലെ പണ്ഡിറ്റുകളെ നോക്കൂ. കുറച്ചുമാസങ്ങളായി അവരെല്ലാം ജമ്മുവിലാണ് കഴിയുന്നത്.
കശ്‌മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നത് വരെ ജമ്മുവില്‍ കഴിയാന്‍ അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ അവരുടെ റേഷനും ശമ്പളവുമൊക്കെ നിര്‍ത്തലാക്കുകയാണ്'' - മുഫ്‌തി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാന്‍ മാത്രമായി കശ്‌മീരി പണ്ഡിറ്റുകളുടെ വേദന മുതലെടുക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും മെഹ്‌ബൂബ മുഫ്‌തി ആരോപിച്ചു.