മുംബൈ: വിമാനത്തില്‍ സഞ്ചരിക്കുന്നതിനിടെ വിമാനം റാഞ്ചുന്നതിനെക്കുറിച്ച് ഫോണില്‍ സംസാരിച്ച യാത്രക്കാരന്‍ പിടിയില്‍. വിസ്‌താര വിമാനക്കമ്പനിയുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ ഹൈജാക്കിനെക്കുറിച്ച് മറ്റൊരാളുമായി ഫോണില്‍ സംസാരിച്ചതിന് 23 കാരനായ റിതേഷ് സഞ്‌ജയ്‌കുമാര്‍ ജുനേജയാണ് പൊലീസ് പിടിയിലായത്. എന്നാല്‍ വിമാനത്തെക്കുറിച്ചോ ഇത് സഞ്ചരിച്ച റൂട്ടിനെക്കുറിച്ചോ പൊലീസും വിമാനക്കമ്പനിയും പുറത്തുവിട്ടിട്ടില്ല.
സംഭവം ഇങ്ങനെ: ഇയാള്‍ ഹൈജാക്കിനെക്കുറിച്ച് ഫോണില്‍ സംസാരിക്കുന്നത് ക്രൂ അംഗങ്ങള്‍ കേട്ടതോടെയാണ് പിടിവീഴുന്നത്. ഇയാളെ ചോദ്യം ചെയ്‌തുവരികയാണെന്നും താന്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് ഇയാള്‍ പറഞ്ഞതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ യുവാവിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന കുറ്റകൃത്യം), 505 (2) (ഇത്തരം കുറ്റകൃത്യങ്ങള്‍ നടപ്പിലാക്കുമെന്ന് ഭീഷണി) എന്നീ വകുപ്പുകള്‍ ചുമത്തി മുംബൈ സഹർ പൊലീസ് കേസെടുത്തിട്ടുണ്ട്.
മുമ്പ് ബോംബ് ഭീഷണി: ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിന് ടെലിഫോൺ സംഭാഷണത്തിനിടെ "ബോംബ്" എന്ന് പറയുന്നത് കേട്ടുവെന്ന സഹയാത്രികന്‍റെ പരാതിയില്‍ വിമാന യാത്രികനെ ഡല്‍ഹി പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ പിടികൂടിയ ഉത്തര്‍ പ്രദേശ് സ്വദേശിയില്‍ നിന്നും സംശയാസ്‌പദമായ ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് ഇയാളെ പൊലീസ് പോകാൻ അനുവദിക്കുകയായിരുന്നു. അസീം ഖാന്‍ എന്ന യാത്രക്കാരനെ പിടികൂടിയെങ്കിലും സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇയാള്‍ക്ക് നോട്ടിസ് നല്‍കി പറഞ്ഞയയ്‌ക്കുകയായിരുന്നുവെന്നും ആവശ്യമായി വന്നാല്‍ ഇയാളെ ഭാവിയിൽ അന്വേഷണത്തിനായി വിളിപ്പിക്കുമെന്നും പൊലീസ് അറിയിക്കുകയായിരുന്നു.
Also read: ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി, എയർ ഹോസ്റ്റസിനെ ശല്യപ്പെടുത്തി; യാത്രക്കാരൻ അറസ്റ്റിൽ
യാത്രക്കാരെ പരിഭ്രാന്തനാക്കി വ്യാജ ബോംബ് ഭീഷണി: അടുത്തിടെ വിമാനത്തില്‍ ബോംബുണ്ടെന്നറിയിച്ച് യുവാവ് ബഹളം വച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി വിമാനം പരിശോധിച്ചിരുന്നു. കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലായിരുന്നു ഈ ബോംബ് ഭീഷണി. 541 യാത്രക്കാരുമായി ദോഹ വഴി ലണ്ടനിലേക്ക് സര്‍വീസ് നടത്തുന്ന ഖത്തർ എയർവേയ്‌സ് വിമാനം ടേക്ക് ഓഫിന് തയ്യാറെടുക്കുമ്പോഴാണ് യാത്രക്കാരൻ വിമാനത്തിൽ ബോംബുണ്ടെന്നറിയിച്ച് ബഹളം വച്ചത്.
ഇതുകേട്ടപാടെ എയർലൈൻ ജീവനക്കാർ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനെ (സിഐഎസ്എഫ്) വിവരമറിയിച്ചു. തുടര്‍ന്ന് എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്ന് ഇറക്കി, സ്‌നിഫർ നായകളെ ഉപയോഗിച്ച് പൊലീസ് വിമാനം പരിശോധിക്കുകയായിരുന്നു. വിമാനം വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് എയര്‍ലൈനും വ്യക്തമാക്കിയിരുന്നു. പിന്നാലെ വിമാനത്തിനുള്ളിൽ ബോംബുണ്ടെന്ന് തെറ്റായ വിവരം നല്‍കിയ യാത്രക്കാരനെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലും ആരംഭിച്ചു.
വിമാനത്തിൽ ബോംബുണ്ടെന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ തന്നോട് പറഞ്ഞുവെന്നായിരുന്നു ഇയാൾ പൊലീസിനോട് അറിയിച്ചത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ പിതാവിനെ എയർപോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാല്‍ യുവാവ് മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് വ്യക്തമാക്കുന്ന ചില മെഡിക്കൽ രേഖകൾ പിതാവ് പൊലീസിന് കൈമാറി.