കൊല്‍ക്കത്ത (പശ്ചിമ ബംഗാള്‍): തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും ആ ഗൂഢാലോചനയുടെ ഇരയാണ് താനെന്നും എസ്‌എസ്‌സി റിക്രൂട്ട്‌മെന്‍റ് അഴിമതിയിൽ അറസ്റ്റിലായ മുന്‍ ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി. വൈദ്യപരിശോധനയ്‌ക്കായി ഇ.ഡി, ജോക്കയിലെ ഇഎസ്‌ഐ ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു പാര്‍ത്ഥ ചാറ്റര്‍ജി പ്രതികരിച്ചത്. തനിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എടുത്ത നിലപാട് ന്യായമാണോ എന്നത് കാലം തെളിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ത്ഥ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് സർക്കാർ സ്‌കൂളുകളിലെയും, എയ്‌ഡഡ് സ്‌കൂളുകളിലെയും ഗ്രൂപ്പ്-സി, ഡി സ്റ്റാഫുകളുടെയും അധ്യാപകരുടെയും റിക്രൂട്ട്‌മെന്‍റിൽ അഴിമതി നടന്നത്. അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തും നടിയും മോഡലുമായ അര്‍പിത മുഖര്‍ജിയുടെ ഫ്ലാറ്റുകളില്‍ നിന്ന് കോടിക്കണക്കിന് പണം കണ്ടെത്തിയിരുന്നു. ഇ.ഡി കണ്ടെുത്ത പണം പാര്‍ത്ഥ ചാറ്റര്‍ജിയുടെതാണെന്ന് അര്‍പിത മൊഴി നല്‍കി.
പാര്‍ത്ഥ ചാറ്റര്‍ജിയെ ഇ.ഡി അറസ്റ്റ് ചെയ്‌തതിന് പിന്നാലെ മന്ത്രി സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കിയിരുന്നു. പിന്നീട് പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും ചാറ്റര്‍ജിയെ പുറത്താക്കി. പാര്‍ത്ഥ ചാറ്റര്‍ജിയെയും അര്‍പിതയെയും ചോദ്യം ചെയ്‌തു വരികയാണെന്ന് ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു.