ന്യൂഡൽഹി: കർഷക സമരത്തിനിടെ ക്രമസമാധാന ചുമതലകൾക്കായി ഹരിയാനയിൽ അർധസൈനികരെ വിന്യസിക്കുന്നത് ഫെബ്രുവരി 28 വരെ നീട്ടി കേന്ദ്രം. കേന്ദ്ര റിസർവ് പൊലീസ് സേനയുടെ 9 കമ്പനികളെയും റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്‍റെ 14 കമ്പനികളെയും വിന്യസിക്കുന്ന കാലാവധിയാണ് ഫെബ്രുവരി 28 വരെ നീട്ടിയത്. കർഷക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ ഹരിയാനയിൽ മഹാപഞ്ചായത്തുകൾ നടത്തി വരുന്നതിനിടെയാണ് കേന്ദ്ര സർക്കാർ നടപടി.
അർധസൈനികരെ വിന്യസിക്കുന്നത് ഫെബ്രുവരി 22 ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും കാലാവധി നീട്ടി ഉത്തരവിറക്കിയത്. കേന്ദ്രസർക്കാരിൽ സമ്മർദ്ദം ശക്തമാക്കുന്നതിനായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് 40 ലക്ഷം ട്രാക്‌ടറുകളുമായി പാർലമെന്‍റിലേക്ക് മാർച്ച് നടത്താനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ നടപടിയുമായി രംഗത്തെത്തിയത്. അതേസമയം, മൂന്ന് കാർഷിക നിയമങ്ങളെക്കുറിച്ചും കർഷകരുമായി ചർച്ച നടത്തുന്നതിനായി സർക്കാർ ഇപ്പോഴും വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.