ലത്തേഹർ (ജാർഖണ്ഡ്): അബുദാബി 2019 സ്‌പെഷ്യൽ ഒളിമ്പിക്‌സ് വേൾഡ് സമ്മർ ഗെയിംസിൽ പവർലിഫ്‌റ്റിങ്ങിൽ മൂന്ന് വെങ്കല മെഡലുകളാണ് സ്‌മിത ലോഹ്‌റ എന്ന പാരാലിമ്പിക് സ്‌പോർട്‌സ് താരം സ്വന്തമാക്കിയത്. സ്‌മിതയുടെ വിജയത്തിനപ്പുറം വിജയത്തിലേക്കുള്ള വഴി ഏവരെയും അതിശയിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമാണ്. സ്‌മിത ലോഹ്‌റ ഉയർത്തിയ ഭാരം പോലെ തന്നെ കഠിനമായിരുന്നു അവരുടെ ജീവിതഭാരവും.
ഭിന്നശേഷിയില്‍ നിന്ന് മെഡല്‍ ജേതാവിലേക്ക്: വീട്ടുജോലിക്കാരിയിൽ നിന്നും ലോകം അറിയപ്പെടുന്ന ഭാരോദ്വഹകയായി (പവർലിഫ്‌റ്റർ) മാറുന്നതിനിടയിൽ സ്‌മിത ലോഹ്‌റക്ക് നേരിടേണ്ടി വന്നത് കഠിനമായ പരീക്ഷണങ്ങൾ. ജാർഖണ്ഡിലെ ലത്തേഹർ സ്വദേശിയായ സ്‌മിതക്ക് കഴിഞ്ഞ 10 വർഷമായി കുടുംബവുമായി യാതൊരു ബന്ധവുമില്ല. വർഷങ്ങൾക്ക് മുൻപ് പിതാവ് കലേശ്വർ ലോഹ്‌റ ഗ്രാമത്തിലെ മറ്റുള്ളവർക്കൊപ്പം വീട്ടുജോലിക്കാരിയായി ഡൽഹിയിലേക്ക് അയച്ചതാണ് സ്‌മിതയെ.
ഒരിക്കൽ പച്ചക്കറി വാങ്ങാൻ പുറത്തുപോകുന്നതിനിടെ അവർക്ക് വഴിതെറ്റി. ശാരീരിക അവസ്ഥകൾ കാരണം എവിടെ നിന്നാണ് വരുന്നതെന്ന് മറ്റുള്ളവരോട് പറയാൻ സ്‌മിതക്ക് കഴിഞ്ഞില്ല. ഇവരുടെ അവസ്ഥ മനസിലാക്കിയ ഒരു പ്രദേശവാസി സ്‌മിതയെ ഭിന്നശേഷിക്കാരെ സഹായിക്കുകയും അഭയം നൽകുകയും ചെയ്യുന്ന ആശാകിരണം എന്ന സംഘടനയെ ഏൽപ്പിച്ചു.
ആശാകിരണം: സ്‌മിതയുടെ മാനസികാവസ്ഥ മനസിലാക്കിയ ശേഷം സംഘടന അവരെ ചികിത്സിച്ചു. അതിനിടെ അവർക്ക് വളരെ എളുപ്പത്തിൽ ഭാരമുയർത്താൻ സാധിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഒടുവിൽ സ്‌മിതയെ പവർലിഫ്റ്റിങ് പരിശീലിപ്പിക്കാൻ സംഘടന സഹായിച്ചു. 6 വർഷത്തെ കഠിനാധ്വാനവും ശരിയായ പരിശീലനവും 2019ൽ അബുദാബിയിൽ നടന്ന സ്‌പെഷ്യൽ പാരാലിമ്പിക്‌സിലേക്കുള്ള വാതിൽ സ്‌മിതക്ക് മുൻപിൽ തുറന്നുകൊടുക്കുകയായിരുന്നു.
മൂന്ന് വെങ്കല മെഡലുകളാണ് സ്‌മിത അന്ന് രാജ്യത്തിന് സമ്മാനിച്ചത്. തുടർന്ന് സാമൂഹ്യക്ഷേമ മന്ത്രാലയം ലത്തേഹാർ ഡെപ്യൂട്ടി കമ്മിഷണർ അബു ഇമ്രാനെ ബന്ധപ്പെടുകയും സ്‌മിതയുടെ മാതാപിതാക്കളെ കുറിച്ച് അന്വേഷണം നടത്തുകയും ചെയ്‌തു. അന്വേഷണത്തിൽ ബാലുമത്ത് ബ്ലോക്കിലെ ഹെംപൂർ എന്ന ഗ്രാമത്തിലാണ് സ്‌മിതയുടെ കുടുംബമെന്ന് കണ്ടെത്തി. അങ്ങനെ 10 വർഷത്തിന് ശേഷം സ്‌മിത തന്‍റെ കുടുംബവുമായി വീണ്ടും ഒന്നിച്ചു.
സ്‌മിതയ്ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കാൻ ലത്തേഹാർ ജില്ല ഭരണകൂടത്തിന് നിർദേശം നൽകി. ഡെപ്യൂട്ടി കമ്മിഷണർ അബു ഇമ്രാൻ സ്‌മിതയെയും കുടുംബത്തെയും സന്ദർശിക്കുകയും അവരെ ആദരിക്കുകയും ചെയ്‌തു. സ്‌മിതയ്ക്ക് ഭാരോദ്വഹനവുമായി മുന്നോട്ട് പോകാൻ പ്രോത്സാഹജനകമായ അന്തരീക്ഷം ഒരുക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു. സ്‌മിതയെ പിന്തുണയ്ക്കണമെന്ന് സംസ്ഥാന പവർ ലിഫ്റ്റിങ് അസോസിയേഷനോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് ജില്ല സ്‌പോർട്‌സ് ഓഫിസർ ശിവേന്ദ്ര കുമാർ സിങ് പറഞ്ഞു.