ജയ്‌പൂർ : വീഡിയോ കോൺഫറൻസിലൂടെ വിവാഹം ചെയ്‌ത പാകിസ്ഥാൻ സ്വദേശിയായ യുവതിയും രാജസ്ഥാനിലെ ജോധ്‌പൂരിൽ നിന്നുള്ള യുവാവും ഇന്ത്യയിൽ ഒന്നിച്ചു. ഈ വർഷം ജനുവരി രണ്ടിനാണ് ജോധ്‌പൂർ സ്വദേശിയായ മുസമ്മിൽ ഖാൻ വീഡിയോ കോൺഫറസിലൂടെ പാകിസ്ഥാനിലെ മിർപൂർ ഖാസിൽ നിന്നുള്ള ഉറുജ് ഫാത്തിമയെ വിവാഹം ചെയ്‌തത്. എന്നാൽ കല്യാണം കഴിഞ്ഞിട്ടും സ്വന്തം രാജ്യങ്ങളിൽ തന്നെ തുടരേണ്ടി വന്ന ദമ്പതികൾ അഞ്ച് മാസങ്ങൾക്ക് ശേഷം ഒടുവിൽ ഇന്നലെ ജോധ്‌പൂരിൽ വച്ചാണ് ഒന്നിച്ചത്.
വിസ ലഭ്യമല്ലാത്തതിനാൽ കാലതാമസം: പാകിസ്ഥാനിൽ നിന്ന് വാഗാ അതിർത്തി വഴി ഉറുജ് ഇന്ത്യയിലേയ്‌ക്ക് എത്തുകയായിരുന്നു. വധുവിനെ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേയ്‌ക്ക് കൊണ്ടുവരാൻ ഏറെ നാളായി ശ്രമിക്കുന്നുണ്ടെങ്കിലും വിസ ലഭ്യമല്ലാത്തതിനാൽ നീളുകയായിരുന്നെന്ന് വരന്‍റെ മുത്തച്ഛൻ ഭൽഹെ ഖാൻ മെഹർ പറഞ്ഞു. അതേസമയം പാകിസ്ഥാനിൽ നിന്ന് വന്ന് ഇന്ത്യൻ യുവാവിന്‍റെ വധുവായതിന്‍റെ സന്തോഷത്തിലാണ് ഉറുജെന്നും വധുവിനെ കാണാൻ അതിഥികളുടെ തിരക്കാണെന്നും ഇന്ത്യയിലെ പുതിയ വീട്ടിൽ അവൾ സന്തോഷവതിയാണെന്നും ഭൽഹെ ഖാൻ പറഞ്ഞു.
വധുവിനെ കണ്ടെത്തിയതിനെ കുറിച്ച് പറഞ്ഞ ഭൽഗെ താൻ പാകിസ്ഥാനിലേയ്ക്ക് നേരിട്ട് പോയിരുന്നതായി അറിയിച്ചു. ഉറുജ് അവിടെ വച്ച് എന്നെ വളരെ നന്നായി പരിചരിച്ചു. അവളെ എനിക്ക് ഒരുപാട് ഇഷ്‌ടപ്പെട്ടു. അതുകൊണ്ടാണ് ചെറുമകനുവേണ്ടി വധുവായി ഉറുജിനെ ആലോചിച്ചത്.
ഓൺലൈൻ വിവാഹത്തിന് കാരണം സാമ്പത്തിക ബുദ്ധിമുട്ട് : എന്നാൽ പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള ഞങ്ങൾക്ക് വിവാഹ ഘോഷയാത്രയായി പാകിസ്ഥാൻ വരെ പോകാൻ സാമ്പത്തികമായി പ്രയാസമായിരുന്നു. അതിനാലാണ് ഓൺലൈൻ വീഡിയോ കോൺഫറന്‍സിങ് വഴി വിവാഹം നടത്തിയത്. എന്നാൽ വിവാഹം കഴിഞ്ഞ് വധുവിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ വിസ ലഭിക്കാൻ വൈകിയതായും ഭൽഹെ കൂട്ടിച്ചേർത്തു.
also read : 1974ലെ വിഭജനത്തില്‍ വേർപിരിയല്‍, വർഷങ്ങൾക്കിപ്പുറം സമാഗമം; കണ്ണുനനയിച്ച് സഹോദരങ്ങൾ
പാകിസ്ഥാനി വധുവിന്‍റെ ഭർത്താവായ മുസമ്മിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറാണ്. കാലത്തിനനുസരിച്ച് മാറ്റം അനിവാര്യമാണെന്നാണ് ഓൺലൈൻ വിവാഹത്തെ കുറിച്ച് ഇരു കുടുംബത്തിന്‍റെയും അഭിപ്രായം. നിക്കാഹിന് ശേഷം വിസ ലഭിച്ചതോടെ വധുവിനെ വാഗാ അതിർത്തി വരെ കൊണ്ടുവന്നാക്കാൻ ഉറുജിന്‍റെ കുടുംബം എത്തുകയും അവിടെ നിന്ന് വധുവിനെ കൂട്ടിക്കൊണ്ടുവരാൻ വരൻ സുഹൃത്തുക്കളോടൊപ്പം ചെല്ലുകയുമായിരുന്നു.
കേന്ദ്രമന്ത്രി ഷെഖാവത്തിന്‍റെ ശ്രമഫലമായാണ് വിസ വേഗത്തിൽ ലഭിച്ചതെന്ന് പറഞ്ഞ അദ്ദേഹം ഇത്തരം സന്ദർഭങ്ങൾ പരിഹരിക്കാൻ ഇന്തോ-പാക് റെയിൽ സർവീസ് പുനരാരംഭിക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മേദിയോട് അഭ്യർഥിച്ചു.