ലാഹോര്‍: പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഫോഴ്സ് പിടികൂടിയ 20 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി. വാഗ അതിര്‍ത്തി വഴിയാണ് ഇവരുടെ മോചനം സാധ്യമായത്. നാല് വര്‍ഷമായി ഇവര്‍ പാകിസ്ഥാന്‍ ജയിലില്‍ കഴിയുകയായിരുന്നു.
മാലില്‍ സിന്ധ് പ്രവശ്യയിലെ ജില്ല ജയിലില്‍ ആയിരുന്നു ഇവരെ താമസിപ്പിച്ചിരുന്നത്. സാമൂഹിക ക്ഷേമ സംഘടനയായ ഈദി ഫൗണ്ടേഷനാണ് ഇവരെ ലാഹോറില്‍ സ്വീകരിച്ചത്. പിന്നീട് കൊവിഡ് പരിശോധനകള്‍ക്ക് ശേഷം വാഗ അതിര്‍ത്തിയില്‍ എത്തിക്കുകയായിരുന്നു. ഇന്ത്യൻ പൗരന്മാരെ പാകിസ്ഥാൻ റേഞ്ചേഴ്സ് ഇന്ത്യന്‍ അതിർത്തി സുരക്ഷ സേനയ്ക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.
Also Read: ഇതൊക്കെ എന്ത്... മൂന്ന് മിനിട്ടില്‍ 19 ഇഡ്ഡലിയൊക്കെ പുഷ്‌പം പോലെ....
മോചിപ്പിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ അര്‍ജുന്‍ ബാബു എന്ന മത്സ്യ തൊഴിലാളി മാധ്യമങ്ങളോട് പറഞ്ഞു. പിടിക്കപ്പെട്ട അന്നുമുതല്‍ താന്‍ മുടി വളര്‍ത്തുന്നുണ്ടായിരുന്നു. എത്രയും പെട്ടന്ന് മോചനം നേടാനുള്ള പ്രാര്‍ത്ഥനയുടെ ഭാഗമായിരുന്നു ഇത്.
എന്നാല്‍ അഞ്ച് വര്‍ഷമായി താന്‍ തടവിലാണ്. ഇതിനിടെ തന്‍റെ തലമുടി ഏറെ വളര്‍ന്നിരിക്കുന്നു. എന്നാല്‍ തന്‍റെ ആഗ്രഹം പോലെ താന്‍ ഉള്‍പ്പെട്ട 20 പേര്‍ രക്ഷപെട്ടിട്ടുണ്ട്.
ഇതില്‍ സന്തോഷമുണ്ടെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു. 588 ഇന്ത്യൻ പൗരന്മാർ കൂടി പാക് പിടിയിലുണ്ട്. ഇവരെയും വിട്ട് കിട്ടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് തിരിച്ചെത്തിയവരുടെ ആഗ്രഹം. ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും ഇപ്പോഴും ലാന്ധി ജയിലിൽ കഴിയുകയാണ്.
കഴിഞ്ഞ വർഷം ആദ്യം പാകിസ്ഥാൻ സർക്കാർ 20 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും 2019 ഏപ്രിലിൽ 100 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും വിട്ടയച്ചിരുന്നു.