ന്യൂഡൽഹി: ഓക്‌സിജൻ എക്‌സ്‌പ്രസുകൾ വഴി 1,534 ടാങ്കറുകളിലായി 26,281 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ രാജ്യത്തുടനീളം വിതരണം ചെയ്തതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. 26 ടാങ്കറുകളിൽ 483 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജനുമായി ആറ് ഓക്‌സിജൻ എക്‌സ്‌പ്രസുകൾ ഇപ്പോൾ യാത്രയിലാണെന്നും റെയിൽവേ അറിയിച്ചു.
ഏപ്രിൽ 24 ന് മഹാരാഷ്ട്രയിലേക്ക് 126 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ എത്തിച്ചു കൊണ്ടാണ് ഓക്‌സിജൻ എക്‌സ്‌പ്രസ് പ്രവർത്തനം ആരംഭിച്ചത്. ഇതുവരെ ഉത്തരാഖണ്ഡ്, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ഹരിയാന, തെലങ്കാന, പഞ്ചാബ്, കേരളം, ഡൽഹി, ഉത്തർപ്രദേശ്, ഝാർഖണ്ഡ്, അസം എന്നീ 15 സംസ്ഥാനങ്ങളിൽ ഓക്‌സിജൻ എക്‌സ്‌പ്രസിലൂടെ ഓക്‌സിജൻ വിതരണം ചെയ്തു.
ALSO READ: സംസ്ഥാനത്ത് 14,672 പേര്‍ക്ക് കൊവിഡ്; 21,429 പേര്‍ക്ക് രോഗമുക്തി
തെക്കൻ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കർണാടകയിലും 3000 മെട്രിക് ടൺ ഓക്‌സിജനും, ആന്ധ്രയിൽ 2800 മെട്രിക് ടൺ ഓക്‌സിജനും ഓക്‌സിജൻ എക്‌സ്‌പ്രസുകൾ വഴി വിതരണം ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിൽ 614 മെട്രിക് ടൺ, ഉത്തർപ്രദേശിൽ 3797 മെട്രിക് ടൺ, മധ്യപ്രദേശിൽ 656 മെട്രിക് ടൺ, ഡൽഹിയിൽ 5790 മെട്രിക് ടൺ, ഹരിയാനയിൽ 2212 മെട്രിക് ടൺ, രാജസ്ഥാനിൽ 98 മെട്രിക് ടൺ, കർണാടകയിൽ 3097 മെട്രിക് ടൺ, ഉത്തരാഖണ്ഡിൽ 320 മെട്രിക് ടൺ , തമിഴ്‌നാട്ടിൽ 3237 മെട്രിക് ടൺ, ആന്ധ്രയിൽ 2804 മെട്രിക് ടൺ, പഞ്ചാബിൽ 225 മെട്രിക് ടൺ, കേരളത്തിൽ 513 മെട്രിക് ടൺ, തെലങ്കാനയിൽ 2474 മെട്രിക് ടൺ, ഝാർഖണ്ഡിൽ 38 മെട്രിക് ടൺ, അസമിൽ 400 മെട്രിക് ടൺ ഓക്‌സിജനുമാണ് ഇതുവരെ വിതരണം ചെയ്‌തത്.
ഹപ്പ, ബറോഡ, മുന്ദ്ര, കിഴക്കൻ റൂർക്കേല, ദുർഗാപൂർ, ടാറ്റാനഗർ, കിഴക്കൻ ആംഗുൾ എന്നിവിടുങ്ങളിൽ നിന്നാണ് റെയിൽവേ ലിക്വിഡ് ഓക്‌സിജൻ ശേഖരിച്ച് സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നത്.