ഹൈദരാബാദ് : കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. കേന്ദ്രത്തിന്‍റെ കൊവിഡ് പ്രതിരോധ നയം കൊണ്ടുള്ള പക്ഷാഘാതമാണ് വാക്‌സിൻ ക്ഷാമമെന്ന് ഉവൈസി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വാക്‌സിൻ ക്ഷാമത്തിന് കാരണം. വാക്‌സിനുകൾക്ക് ഓർഡർ നൽകിയത് ഏറെ വൈകിയാണെന്നും കൊവിഡ് പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്നും അദ്ദേഹം ആരോപിച്ചു.
ആദ്യ ഘട്ട വാക്‌സിൻ സ്വീകരിച്ച ശേഷം നാല് ആഴ്ചത്തെ കാലാവധിയാണ് ആദ്യം കേന്ദ്രം പറഞ്ഞതെങ്കിലും ക്ഷാമത്തെ തുടർന്ന് ആറ് ആഴ്‌ച ആക്കുകയും തുടർന്ന് 12 മുതൽ 16 ആഴ്‌ച വരെ ആക്കുകയുമായിരുന്നു. ഇതുവരെ എത്ര വാക്‌സിനാണ് രാജ്യം വാങ്ങിയതെന്നും അതിൽ എത്ര സംസ്ഥാന സർക്കാരുകൾക്ക് വിതരണം ചെയ്‌തെന്നും കേന്ദ്രം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്‍റെ അശ്രദ്ധ മൂലം 4,000ത്തോളം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ മുഴുവനാളുകളെയും വാക്‌സിനേഷൻ ചെയ്യാതെ ജനങ്ങളുടെ ജീവൻ രക്ഷിക്കാനാവില്ല. 300 മില്യൺ ആളുകളെ മാസം തോറും വാക്‌സിനേറ്റ് ചെയ്‌താൽ മാത്രമേ മരണസംഖ്യ കുറയ്ക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.