പട്‌ന : ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ നിയമസഭയില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. ഭൂമി കുംഭകോണ കേസില്‍ തേജസ്വി യാദവ് ഉള്‍പ്പെട്ട കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെട്ട് സഭയില്‍ പ്രതിഷേധമുയര്‍ത്തിയത്. തേജസ്വി യാദവിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി കൊണ്ട് സഭ നടപടികള്‍ക്കിടെ ഒരു ബിജെപി എംഎല്‍എ സ്പീക്കർക്ക് നേരെ കസേര ഉയർത്തി. എന്നാല്‍ പ്രതിപക്ഷ ബഹളത്തിനിടെ ഭരണപക്ഷം ചരക്ക് സേവന നികുതി ഭേദഗതി ബിൽ നിയമസഭയില്‍ അവതരിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്‌തു.
വിടാതെ പ്രതിപക്ഷ പ്രതിഷേധം : ചൊവ്വാഴ്‌ച സഭാനടപടികള്‍ തുടങ്ങിയത് മുതല്‍ തന്നെ പ്രതിപക്ഷം തേജസ്വിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇതെല്ലാം പൊതുജനങ്ങള്‍ കാണുന്നുണ്ടെന്ന് സ്‌പീക്കര്‍ അവധ് ബിഹാരി പലതവണ എംഎല്‍എമാരോട് പറഞ്ഞു. എന്നിട്ടും പ്രതിഷേധം അടങ്ങാതെ വന്നതോടെ സഭാനടപടികൾ ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവയ്‌ക്കേണ്ടതായും വന്നു. ഉച്ചഭക്ഷണത്തിന് ശേഷം സഭ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടുപോവാന്‍ തയ്യാറായില്ല.
ഇതോടെ ഭരണപക്ഷം കൊണ്ടുവന്ന ചരക്ക് സേവന നികുതി ഭേദഗതി ബിൽ അവതരിപ്പിച്ച് പാസാക്കിയ ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്‌പീക്കര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ സഭയ്‌ക്ക് പുറത്തും പ്രതിപക്ഷം ഭരണപക്ഷത്തെ വെറുതെ വിടാന്‍ തയ്യാറല്ലായിരുന്നു. സഭയ്‌ക്കകത്ത് ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ മാത്രമായിരുന്നുവെങ്കില്‍ പുറത്ത് ഇത് മുഖ്യമന്ത്രി നിതീഷ് കുമാറിലേക്കും നീണ്ടു.
നിതീഷ് കുമാർ സഭയിലേക്ക് പോലും വരുന്നില്ല. തേജസ്വിയോട് നിതീഷ് കുമാര്‍ എങ്ങനെ രാജി ആവശ്യപ്പെടുമെന്ന് തനിക്ക് മനസ്സിലാകുന്നില്ല. നിതീഷ് കുമാറിന് ആർജെഡിയെ ഭയമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സാമ്രാട്ട് ചൗധരി തുറന്നടിച്ചു. തന്‍റെ പാർട്ടിയെ തകർക്കാൻ ബിജെപി ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ഇന്നലെ പ്രസ്‌താവന നടത്തിയത് എന്തടിസ്ഥാനത്തിലാണെന്നും ചൗധരി ചോദിച്ചു.
ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് സിബിഐ: കേസില്‍ തേജസ്വി യാദവിനെ സിബിഐ മുമ്പ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഡല്‍ഹിയിലെ തങ്ങളുടെ ആസ്ഥാനത്ത് ഹാജരാവണമെന്ന് കാണിച്ച് തേജസ്വി യാദവിന് സിബിഐ നോട്ടിസ് നല്‍കുകയായിരുന്നു. മാത്രമല്ല തേജസ്വി യാദവിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ ഇഡി റെയ്‌ഡ് നടത്തി ഒരു ദിവസത്തിന് ശേഷമാണ് സിബിഐ അദ്ദേഹത്തെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നത്.
ഭൂമി കുംഭകോണ കേസില്‍ രണ്ടാം തവണയാണ് തേജസ്വിയെ ചോദ്യം ചെയ്യാനായി സിബിഐ വിളിപ്പിക്കുന്നത്. ഇതിനുമുമ്പ് ഫെബ്രുവരി നാലിനാണ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ വേണ്ടി സിബിഐ തേജസ്വിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ തേജസ്വി യാദവ് ചോദ്യം ചെയ്യലിനായി അന്ന് ഹാജരായിരുന്നില്ല.
ഇത് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ഉപദ്രവിക്കാനായി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിന്‍റെ ഉദാഹരണമാണെന്നായിരുന്നു ഇതിനോട് തേജസ്വി യാദവിന്‍റെ പ്രതികരണം. ഒരു ഗൂഢാലോചന പദ്ധതി തയ്യാറാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദിനും കുടുംബത്തിനുമെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ഭൂമി കുംഭകോണ കേസില്‍ സിബിഐ ഉന്നയിക്കുന്നത്.