ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയെ ലോക്‌സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ ലോക്‌സഭ നടപടികൾ ബഹിഷ്‌കരിച്ചു. പ്രധാനമന്ത്രി സംസാരിക്കുമ്പോൾ തടസ്സം സൃഷ്‌ടിച്ചതിനാൽ ചൗധരിയെ സസ്‌പെൻഡ് ചെയ്യാൻ പ്രഹ്‌ളാദ് ജോഷി പ്രമേയം അവതരിപ്പിക്കുകയായിരുന്നു. ശബ്‌ദ വോട്ടോടു കൂടിയാണു പ്രമേയം പാസാക്കിയത്.
ചൗധരിയെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ലോക്‌സഭ സ്‌പീക്കറുടെ ചായ സൽക്കാരവും പ്രതിപക്ഷം ബഹിഷ്‌കരിച്ചു. മൺസൂൺ കാലത്തെ സമാപന സമ്മേളനം ആയിരുന്നു വെള്ളിയാഴ്‌ച കഴിഞ്ഞത്. 'ബഹുമാനപ്പെട്ട സ്പീക്കർ നൽകുന്ന ചായ സത്‌കാരത്തില്‍ ഞങ്ങൾ പങ്കെടുക്കില്ല. 23 പാർട്ടികളിൽ നിന്നുള്ള 142 എംപിമാർ സമ്മേളനം ബഹിഷ്‌കരിച്ചു.' കോൺഗ്രസ് വിപ്പ് മാണിക്കം ടാഗോർ സമ്മേളനം ബഹിഷ്‌കരിച്ചതിനെ കുറിച്ചു ട്വിറ്ററിൽ പറഞ്ഞു.
പ്രതിപക്ഷം ഇറങ്ങി പോയതിനെ തുടർന്നു, അബേദ്‌കറുടെ പ്രതിമയ്‌ക്കു ചുറ്റും മാർച്ച് ചെയ്‌തു. മറ്റു ചിലർ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചു മുദ്രവാക്യം മുഴക്കി. പാർലമെന്‍റിൽ മോദി സർക്കാർ ഭരണഘടന ലംഘനം നടത്തിയെന്ന് ആരോപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും രോഷാകുലരായി. മോദി സർക്കാരിന്‍റെ ഇത്തരം നിയമവിരുദ്ധമായ നടപടികൾക്കെതിരെ പ്രതിപക്ഷം പോരാട്ടം തുടരുമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ചൗധരിയുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ചില എംപിമാർ ഓം ബിർളയ്ക്ക് കത്തയച്ചു.