ന്യൂഡൽഹി : ടാൻസാനിയയിൽ നിന്നും ഡൽഹിയിലെത്തിയ ഒമിക്രോൺ സ്ഥിരീകരിച്ചയാൾ കൊവിഡ് വാക്‌സിന്‍റെ രണ്ട് ഡോസുകളും എടുത്തതിനാൽ നേരിയ രോഗലക്ഷണങ്ങൾ മാത്രമേ ഉള്ളൂവെന്ന് എൽഎൻജെപി ആശുപത്രി മെഡിക്കൽ ഡയറക്‌ടർ ഡോ.സുരേഷ് കുമാർ. യാത്രികന് തൊണ്ട വേദന, ബലഹീനത, ശരീരവേദന എന്നിവയുണ്ടെന്നും ഇയാളുടെ സമ്പർക്ക പട്ടിക തയാറാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്ത് നിന്ന് എത്തിയിട്ടുള്ള 23 പേർ നിലവിൽ ഒമിക്രോൺ ചികിത്സാകേന്ദ്രമായ ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ട്. ഇതിൽ 17 പേർ വിദേശത്ത് നിന്നെത്തി കൊവിഡ് പോസിറ്റീവ് ആയവരാണ്. ആറ് പേർ പോസിറ്റീവ് ആയവരുമായി സമ്പർക്കത്തിൽ വന്നവരാണ്. പോസിറ്റീവ് ആയ 17 പേർക്കും നിലവിൽ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും മിക്കവർക്കും ലക്ഷണങ്ങൾ ഇല്ലെന്നും അദ്ദേഹം പറയുന്നു.
ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശുപത്രിയിലെ കിടക്കകളുടെ എണ്ണം ആവശ്യാനുസരണം വർധിപ്പിക്കും. നിലവിൽ ഒമിക്രോൺ വാർഡിൽ 40 കിടക്കകളാണുള്ളത്. വാർഡിലേക്ക് മാത്രം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡോക്‌ടർമാരുടെയും ജീവനക്കാരുടെയും സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറയുന്നു.