ന്യൂഡല്‍ഹി : ഡെല്‍റ്റ ഉള്‍പ്പെടെയുള്ള മറ്റ് കൊവിഡ് വകഭേദങ്ങളേക്കാള്‍ മനുഷ്യ കോശവുമായി സംയോജിക്കാനുള്ള സാധ്യത ഒമിക്രോണ്‍ വകഭേദത്തില്‍ കൂടുതലെന്ന് പഠനം. മനുഷ്യകോശങ്ങളുമായി ഇടപഴകുന്ന സ്പൈക്ക് പ്രോട്ടീനിൽ 30ലധികം ജനിതക മാറ്റം (മ്യൂട്ടേഷന്‍) സംഭവിച്ച കൊവിഡ് വകഭേദം ഒമിക്രോണാണ്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ ഗവേഷകർ ക്രയോ-ഇലക്ട്രോൺ മൈക്രോസ്കോപ്പി ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍.
ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒമിക്രോണില്‍ ബൈൻഡിങ് അഫിനിറ്റി വളരെയധികം കൂടുതലാണ്. ഇത് കൂടുതലാളുകളിലേക്ക് വൈറസ് പടരുന്നതിന് ഇടയാക്കുന്നു. വൈറസും മനുഷ്യകോശ റിസപ്റ്ററുകളും തമ്മിലുണ്ടായ പുതിയ ബോണ്ടുകൾ മൂലം യഥാര്‍ഥ സാര്‍സ് വൈറസിനേക്കാൾ ബൈന്‍ഡിങ് അഫിനിറ്റി ഒമിക്രോണിന് കൂടുതലാണെന്ന് യൂണിവേഴ്‌സിറ്റിയിലെ ബയോകെമിസ്ട്രി പ്രൊഫസറും ഗവേഷക സംഘത്തിലെ അംഗവുമായ ഡോ ശ്രീറാം സുബ്രഹ്മണ്യം പറയുന്നു.
Also read: ഡെല്‍റ്റ വകഭേദത്തേക്കാളും ഒമിക്രോണിന് രോഗ തീവ്രത കുറവാണെന്നത് ഇപ്പോൾ പറയാന്‍ സാധിക്കില്ലെന്ന് പഠനം
മൈക്രോസ്‌കോപ്പിക് ഇമേജിങിലൂടെ ഒമിക്രോണിന്‍റെ ജനിതകമാറ്റം പരിശോധിച്ച ഗവേഷക സംഘം ചില മ്യൂട്ടേഷനുകൾ വൈറസിനും ശരീരത്തിലുടനീളം സ്ഥിതി ചെയ്യുന്ന എസിഇ2 റിസപ്റ്ററുകൾക്കുമിടയിൽ അധിക ബോണ്ടുകൾ സൃഷ്‌ടിക്കുന്നുവെന്ന് കണ്ടെത്തി. ഈ പുതിയ മ്യൂട്ടേഷനുകൾ ബൈൻഡിങ് അഫിനിറ്റി വർധിപ്പിക്കുന്നു.
മറ്റ് കൊവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് ആന്‍റിബോഡി പ്രതിരോധശേഷി കൂടുതലാണെന്നും പഠനത്തില്‍ കണ്ടെത്തി. വാക്‌സിന്‍ എടുക്കാത്ത കൊവിഡ് രോഗികളിൽ സ്വാഭാവിക അണുബാധയിൽ നിന്ന് ഉണ്ടാകുന്ന പ്രതിരോധശേഷിയുമായി താരതമ്യപ്പെടുത്തുമ്പോൾ വാക്‌സിന്‍ എടുത്തവരില്‍ ഒമിക്രോണിനെ പ്രതിരോധിക്കാനുള്ള കഴിവ് കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു. വാക്‌സിനേഷന്‍ ഒമിക്രോണിനെതിരായ ഏറ്റവും മികച്ച പ്രതിരോധമാണെന്നതിന്‍റെ സൂചനയാണിതെന്നും ഗവേഷകര്‍ വ്യക്തമാക്കി.
ഒമിക്രോൺ വകഭേദത്തിന്‍റെ ഉയര്‍ന്ന ബൈൻഡിങ് അഫിനിറ്റിയും ആന്‍റിബോഡികളെ പ്രതിരോധിക്കാനുള്ള കഴിവും അതിന്‍റെ വ്യാപനശേഷിയാണ് സൂചിപ്പിക്കുന്നത്. നവംബർ അവസാനത്തോടെ ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച ഒമിക്രോണ്‍ വകഭേദം നിലവില്‍ 106 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.