ന്യൂഡൽഹി: രാജ്യം ഇന്നുവരെ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിന് പിന്നാലെ, അപകടത്തില്‍പ്പെട്ട കോറോമണ്ഡല്‍ എക്‌സ്‌പ്രസ് ഇന്ന് മുതല്‍ സർവീസ് പുനരാരംഭിക്കും. കോറോമണ്ഡല്‍ എക്‌സ്‌പ്രസ് ബുധനാഴ്‌ച മുതൽ സർവീസ് പുനരാരംഭിക്കാൻ തയ്യാറായതായി റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ ആദിത്യ കുമാർ ചൗധരി അറിയിച്ചു.
ജൂൺ രണ്ട് വൈകുന്നേരം ബാലസോറിലെ ബഹനാഗ ബസാർ പ്രദേശത്താണ് രാജ്യത്തെ നടുക്കിയ അപകടം നടന്നത്. ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്‌റ്റ് എക്‌സ്‌പ്രസ്, കോറോമണ്ഡല്‍ എക്‌സ്‌പ്രസ്, ഗുഡ്‌സ് ട്രെയിന്‍ എന്നിവ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ 275 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ബാലസോറിലെ ബഹാനാഗ റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ ഷാലിമാർ-ചെന്നൈ കോറോമണ്ഡല്‍ എക്‌സ്‌പ്രസ് നിർത്തിയിട്ട ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രെയിനിലെ 10-12 കോച്ചുകൾ പാളം തെറ്റി എതിർ ട്രാക്കിലേക്ക് നീങ്ങിയാണ് അപകടം ഉണ്ടായത്. തുടർന്ന്, യശ്വന്ത്പൂരിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ഹൗറ എക്‌സ്‌പ്രസ് അതിവേഗത്തിൽ അപകടത്തിൽപ്പെട്ട വണ്ടികളുമായി കൂട്ടിയിടിച്ചത് വലിയ ദുരന്തത്തിലേക്ക് വഴിവച്ചു.
അപകടത്തില്‍പെട്ട കോറോമണ്ഡല്‍ എക്‌സ്‌പ്രസില്‍ 1,257 റിസര്‍വ് ചെയ്‌ത യാത്രക്കാരും ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്‌പ്രസിൽ 1,039 റിസർവ് ചെയ്‌ത യാത്രക്കാരുമാണ് ഉണ്ടായിരുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സംഭവത്തിൽ റെയിൽവേ ബോർഡ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോട് അന്വേഷണം നടത്താൻ ഞായറാഴ്‌ച തന്നെ ശുപാർശ ചെയ്‌തിരുന്നു.
'ഇലക്‌ട്രോണിക് ഇന്‍റര്‍ലോക്കിങ്ങിലെ മാറ്റം' മൂലമാണ് അപകടമുണ്ടായതെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഞായറാഴ്‌ച പറഞ്ഞത്. ട്രാക്കുകളുടെ ക്രമീകരണത്തിലൂടെ ട്രെയിനുകൾക്കിടയിൽ പരസ്‌പര വിരുദ്ധമായ ചലനങ്ങൾ തടയുന്ന സിഗ്നൽ സംവിധാനമാണ് ഇലക്ട്രോണിക് ഇന്‍റർലോക്കിങ്. അനുചിതമായി സിഗ്നലുകൾ മാറ്റുന്നത് തടയുന്നതിനുള്ള ഒരു സുരക്ഷ നടപടിയാണ് ഇത്.
റൂട്ട് സുരക്ഷിതമാണെന്ന് തെളിയിക്കപ്പെടാതെ ഒരു ട്രെയിനിനും മുന്നോട്ട് പോകാനുള്ള സിഗ്നൽ ലഭിക്കില്ല എന്നതാണ് ഈ സംവിധാനത്തിന്‍റെ ലക്ഷ്യം. ഈ സംവിധാനത്തിലുള്ള പിഴവാണ് അപകടത്തിന് വഴിവച്ചതെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രതികരണം. അതേസമയം പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനരാരംഭിച്ച് മണിക്കൂറുകൾക്ക് പിന്നാലെ, തിങ്കളാഴ്‌ച ഹൗറ-പുരി വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിൻ ബാലസോറിൽ പുനഃസ്ഥാപിച്ച റെയിൽവേ ട്രാക്കിലൂടെ സർവീസ് നടത്തി.
ട്രെയിൻ അപകടത്തെ തുടർന്ന് ബാലസോറിലെ ട്രെയിൻ ഗതാഗതം സ്‌തംഭിച്ചിരുന്നു. തുടർന്ന് ട്രെയിൻ അപകടം നടന്ന് 51 മണിക്കൂറിന് ശേഷം ഞായറാഴ്‌ചയാണ് ഇവിടെ സർവീസ് പുനരാരംഭിച്ചത്. ചരക്ക് ട്രെയിനാണ് ഞായറാഴ്‌ച ആദ്യ സർവീസ് നടത്തിയത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവും സന്നിഹിതനായിരുന്നു. ചരക്ക് ട്രെയിൻ കടന്നുപോകുമ്പോൾ ട്രെയിനിലെ ജീവനക്കാരെ കൈ വീശി കാണിച്ച് സുരക്ഷിതമായ യാത്രയ്‌ക്കായി പ്രാർഥിക്കുന്ന മന്ത്രിയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും റെയിൽവേ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഇത് കൂടാതെ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിരുന്നു.
ALSO READ: കൈകൂപ്പി പ്രാർഥിച്ച് മന്ത്രി, ബാലസോറിൽ രണ്ട് പാതകളിലും ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു