പുരി (ഒഡിഷ): ഗ്രാമവാസികളെ ശല്യപ്പെടുത്തി ഉറുമ്പുകള്‍. ചന്ദ്രദേയ്പൂർ പഞ്ചായത്തിലെ പിപ്‌ലി ബ്‌ളോക്കിലുള്ള ബ്രാഹ്മണ്‍സാഹിയിലെ ഗ്രാമവാസികളെയാണ് ലക്ഷക്കണക്കിന് ചുവന്ന ഉറുമ്പുകൾ പൊറുതിമുട്ടിക്കുന്നത്. ഇതേത്തുടര്‍ന്ന് ഗ്രാമവാസികളില്‍ ചിലര്‍ നാടുവിടാനും നിര്‍ബന്ധിതരായിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തോളമായി ചുവന്ന ഉറുമ്പുകളുടെ ആക്രമണം നേരിടുകയാണ് ഇവര്‍.
സമീപത്തെ കനാലിന്റെ കരകളിൽ നിന്ന് എണ്ണിത്തീരാത്തയത്ര ഉറുമ്പുകൾ ഇവരുടെ വീടുകളിലേക്ക് ഇഴഞ്ഞെത്തുന്നത്. ഉറുമ്പിന്‍റെ ആക്രമണമേറ്റ ഒട്ടുമിക്ക ആളുകള്‍ക്കും ചർമത്തിൽ സാരമായ ചൊറിച്ചിലും ഉണ്ടാകുന്നുണ്ട്. ഉറുമ്പുകളെ തുരത്താന്‍ പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഫലമില്ലെന്നും ഗ്രാമവാസികള്‍ പറയുന്നു. വീടിന്‍റ മണ്‍ചുമരുകളില്‍ താവളമുറപ്പിച്ച ഇവയെ പേടിച്ച് കൂടും കുടുക്കയുമെടുത്ത് പലായനത്തിനൊരുങ്ങുകയാണ് മിക്കവരും.