ഭുവനേശ്വര്‍ : ഒഡിഷ ആരോഗ്യ മന്ത്രി നബ കിഷോര്‍ ദാസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി മുന്‍ ജഡ്‌ജി ജെ പി ദാസ് മേല്‍നോട്ടം വഹിക്കും. ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഒരു ജഡ്‌ജിയെ ശുപാര്‍ശ ചെയ്യണമെന്ന് ഒഡിഷ ഹൈക്കോടതിയോട് ആഭ്യന്തരവകുപ്പ് നേരത്തെ അഭ്യർഥിച്ചിരുന്നു. സുതാര്യവും നിഷ്‌പക്ഷവുമായ അന്വേഷണം ഉറപ്പുവരുത്താനാണ് ഇത്തരത്തിലുള്ള ഒരു അഭ്യര്‍ഥന ഹൈക്കോടതിയോട് നടത്തിയതെന്നാണ് സംസ്ഥാന ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.
ഈ സാഹചര്യത്തിലാണ് ജസ്‌റ്റിസ്(റിട്ട) ജെ പി ദാസിന്‍റെ പേര് ഹൈക്കോടതി സര്‍ക്കാറിന് ശുപാര്‍ശ ചെയ്‌തത്. ഒഡിഷയിലെ ജാര്‍സുഗുഡ ജില്ലയിലെ ബ്രജ്‌രാജ്‌നഗറില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് നബ കിഷോര്‍ ദാസ്(60) കൊല്ലപ്പെടുന്നത്.
സിബിഐ അന്വേഷണം വേണമെന്നാവശ്യം : ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതിയായതിനാല്‍ ശരിയായ അന്വേഷണം നടത്താന്‍ സംസ്ഥാന ഏജന്‍സികള്‍ക്ക് ആവില്ലെന്നും അതിനാല്‍ കേസ് സിബിഐ ഏറ്റെടുക്കണമെന്നും ബിജെപിയുടെ ഒഡിഷ ഘടകം ആവശ്യപ്പെട്ടു. കോടതി നിരീക്ഷണത്തില്‍ പ്രത്യേക സംഘം കേസ് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസും അഭ്യര്‍ഥിച്ചു.
അതേസമയം ദാസിന്‍റെ മരണത്തെതുടര്‍ന്ന് ജാര്‍സുഗുഡ നിയമസഭ സീറ്റില്‍ ഒഴിവുവന്നതായി ഒഡിഷ അസംബ്ലി, തെരഞ്ഞെടുപ്പ് കമ്മിഷനെ ഔദ്യോഗികമായി അറിയിച്ചു. ആറ് മാസത്തില്‍ കൂടുതല്‍ നിയമസഭ മണ്ഡലത്തില്‍ ഒഴിവുവരാന്‍ പാടില്ല. അടുത്തവര്‍ഷമാണ് ഒഡിഷ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട് തന്നെ ജാര്‍സുഗുഡ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകും.