ഝാര്‍സുഗുഡ: ബെൽപഹാറിലെ ഗാന്ധിനഗറിലെ കൂലിപ്പണിക്കാരായ കുടുംബത്തിന് 1.69 ലക്ഷം രൂപയുടെ സമ്പാദ്യം നഷ്ടപ്പെട്ടു. സംഭവത്തില്‍ 26കാരിയായ നിത ഛത്താർ ബെൽപഹാർ പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്തു.
ഫെബ്രുവരി 23 ന് കോന്‍ ബനേഗ ക്രോര്‍പതി നടത്തിയ ലക്കി നറുക്കെടുപ്പിൽ തന്‍റെ നമ്പർ തിരഞ്ഞെടുത്തുവെന്നും 35 ലക്ഷം രൂപ നേടിയിട്ടുണ്ടെന്നും അറിയിച്ചുകൊണ്ട് ശക്തി ഛത്താറിന്റെ മകളായ നിതയ്ക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് ഒരു കോൾ ലഭിച്ചു. അടുത്ത ദിവസം, അതേ വ്യക്തിയിൽ നിന്ന് മറ്റൊരു കോൾ അവൾക്ക് ലഭിച്ചു, ലോട്ടറി തുക അവളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്നതിനായി സര്‍വീസ് ചാര്‍ജായി 18,200 രൂപ തന്‍റെ അക്കൗണ്ട് നമ്പറിൽ നിക്ഷേപിക്കണമെന്നാവശ്യപ്പെട്ട് അയാള്‍ വീണ്ടും അവളെ വിളിച്ചു.
ജാക്ക്‌പോട്ട് കിട്ടിയെന്ന വിശ്വാസത്തില്‍ നിതയും കുടുംബാംഗങ്ങളും 18,200 രൂപ അയാളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. തട്ടിപ്പുകാരൻ നിതയെ വീണ്ടും വിളിക്കുകയും 35 ലക്ഷം രൂപയുടെ ചെക്ക് വാട്സ് ആപിലേക്ക് അയച്ച ശേഷം 35,000രൂപ, 31,000 രൂപ, 5,000 രൂപ എന്നിങ്ങനെ മൂന്ന് തവണകളായി നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു.
ഫെബ്രുവരി 25 നകം ഒറിജിനൽ ചെക്ക് നിതക്ക് അയക്കുമെന്നും അയാള്‍ അറിയിച്ചു. എന്നാൽ അതിനുമുമ്പ്, നിത രണ്ട് തവണകളായി 40,000 രൂപ കൂടി നിക്ഷേപിക്കണം. എന്നാൽ ദിവസങ്ങളോളം കാത്തിരുന്നിട്ടും വാഗ്ദാനം ചെയ്തതനുസരിച്ച് ചെക്കോ ലോട്ടറി തുകയോ നിതക്ക് കിട്ടിയില്ല. ഫെബ്രുവരി 26 ന് കോന്‍ ബനേഗ ക്രോര്‍പതിയിൽ ജോലി ചെയ്യുന്ന ഒരാളുടെ യാത്രാ ചെലവുകൾക്കായി 65,000 രൂപ നിക്ഷേപിക്കണമെന്ന് തട്ടിപ്പുകാരൻ പറഞ്ഞപ്പോൾ നിതയ്ക്ക് സംശയം തോന്നി. തുടര്‍ന്ന് ഇക്കാര്യം ലോക്കൽ പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.നിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ബ്രജ്‌രാജനഗർ പറഞ്ഞു.