ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ അപകടത്തിലെ മരണ സംഖ്യയില്‍ ഒഡിഷ സര്‍ക്കാര്‍ കൃത്രിമം കാണിക്കുന്നു എന്ന ആരോപണത്തില്‍ പ്രതികരിച്ച് ചീഫ് സെക്രട്ടറി പികെ ജെന. ബാലസോര്‍ അപകടത്തിലെ മരണ സംഖ്യ മറച്ചുവയ്‌ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും പൊതുജനങ്ങള്‍ക്ക് മുന്നിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നും ജെന വ്യക്തമാക്കി. അപകടസ്ഥലത്ത് തുടക്കം മുതൽ മാധ്യമപ്രവർത്തകർ ഏറെയുണ്ടെന്നും കാമറയുടെ സാന്നിധ്യത്തിലാണ് എല്ലാം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
'മരണസംഖ്യ 288 ആണെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു. ഞങ്ങളും ഇത് തന്നെയാണ് പറഞ്ഞത്. റെയിൽവേയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. പക്ഷേ, ബാലസോർ ജില്ല കലക്‌ടർ മരണസംഖ്യ പരിശോധിച്ചു, ഞായറാഴ്‌ച രാവിലെ 10 മണി വരെ ആ കണക്ക് 275 ആയിരുന്നു' -ജെന കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മരണ സംഖ്യയില്‍ ഉണ്ടായ മാറ്റത്തെ കുറിച്ചുള്ള ചോദ്യത്തിന്, ഒരു മൃതദേഹം ഒന്നിലധികം തവണ എണ്ണിയതാണ് മരണ സംഖ്യയില്‍ മാറ്റം വരാന്‍ കാരണമായതെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. അപകട സ്ഥലത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കുണ്ടായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരണ സംഖ്യ വിഷയത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വിമര്‍ശനം ഉന്നയിച്ചിരുന്നു. അപകടത്തില്‍ ബംഗാളില്‍ നിന്നുള്ള 61 പേര്‍ മരിച്ചു എന്നും 182 പേരെ കണ്ടെത്താനായില്ല എന്നുമുള്ള കണക്കുകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു മമത ഒഡിഷ സര്‍ക്കാരിന്‍റെ കണക്കുകളെ ചോദ്യം ചെയ്‌തത്. 'ഒരു സംസ്ഥാനത്ത് നിന്നുള്ള 61 പേരുടെ മരണം സ്ഥിരീകരിക്കുകയും 182 പേരെ കാണാനില്ലെന്ന് വരികയും ചെയ്യുമ്പോള്‍ കണക്കുകള്‍ എവിടെ എത്തി നില്‍ക്കുന്നു' -എന്നായിരുന്നു വാര്‍ത്ത സമ്മേളനത്തില്‍ മമത ബാനര്‍ജിയുടെ ചോദ്യം.
അതേസമയം മമത ബാനര്‍ജിയുടെ ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് തയ്യാറായില്ല. കണ്ടെത്തിയ 275 മൃതദേഹങ്ങളില്‍ 108 എണ്ണം മാത്രമാണ് തിരിച്ചറിയാന്‍ സാധിച്ചത് എന്ന് ഒഡിഷ ചീഫ് സെക്രട്ടറി പികെ ജെന പറഞ്ഞു. 'നിലവിലെ ചൂടുള്ള കാലാവസ്ഥയില്‍ മൃതദേഹങ്ങൾ വേഗത്തിൽ ജീർണിക്കുന്നു. അതിനാൽ, നിയമപ്രകാരം സംസ്‌കരിക്കുന്നതിന് മുമ്പ് സംസ്ഥാനം പരമാവധി രണ്ട് ദിവസം കൂടി കാത്തിരിക്കും' -അദ്ദേഹം പറഞ്ഞു.
ജൂണ്‍ 2ന് രാത്രിയാണ് ഒഡിഷ ബാലസോര്‍ ജില്ലയില്‍ ബഹനാഗ സ്റ്റേഷന് സമീപം മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം. ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്‌പ്രസ്, കോറോമണ്ഡല്‍ എക്‌സ്‌പ്രസ്, ഒരു ചരക്ക് ട്രെയിന്‍ എന്നിവയാണ് അപകടത്തില്‍ പെട്ടത്. പാളം തെറ്റി കിടന്ന ബെംഗളൂരു-ഹൗറ എക്‌സ്‌പ്രസിലേക്ക് കോറോമണ്ഡല്‍ ഇടിച്ച് കയറുകയായിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു ബാലസോറില്‍ നടന്നത്. രാഷ്‌ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, സിനിമ-കായിക-രാഷ്‌ട്രീയ മേഖലയിലെ പ്രമുഖര്‍, ലോക നേതാക്കള്‍ തുടങ്ങിയവര്‍ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി.