ഭുവനേശ്വർ: ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിൽ ഹെൽമറ്റ് പരിശോധനയ്‌ക്കിടെ ഗർഭിണിയെ മൂന്ന് കിലോ മീറ്റർ നടത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. റീന ബെക്‌സൽ എന്ന സബ് ഇൻസ്‌പെക്‌ടറെയാണ് സസ്‌പെൻഡ് ചെയ്തത്.
ഗുരുബാരി എന്ന യുവതി പരിശോധനയ്ക്കായി ഭർത്താവ് ബിക്രം ബിരുലിക്കൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. യാത്രയിൽ ബിക്രം ഹെൽമറ്റ് വച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഗുരുബാരി ഹെൽമറ്റ് വച്ചിട്ടുണ്ടായിരുന്നില്ല. തുടർന്ന് ഇവർക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 500 രൂപ പിഴ ഈടാക്കുകയും ചെയ്തു. ശേഷം ബിക്രമിനോട് പൊലീസ് സ്‌റ്റേഷനിൽ പോയി പിഴ അടക്കുവാൻ നിർദേശിക്കുകയും ഒപ്പം കഠിനമായ ചൂടിൽ ഗുരുബാരിയെ പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിക്കുകയും ചെയ്തു. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്.