ചെന്നൈ : തേനി എംപിയും ഒ പനീർ സെൽവത്തിന്‍റെ മകനുമായ ഒ പി രവീന്ദ്രനാഥിന്‍റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി മദ്രാസ് ഹൈക്കോടതി. തെരഞ്ഞെടുപ്പ് സത്യവാങ്‌മൂലത്തിൽ സ്വത്ത് വിവരങ്ങൾ ഉൾപ്പടെ മറച്ചുവച്ചു എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് രവീന്ദ്രനാഥിന്‍റെ വിജയം അസാധുവാക്കിയത്. ഇതോടെ അണ്ണാഡിഎംകെയ്‌ക്ക് തമിഴ്‌നാട്ടിലുള്ള ഏക എംപി സ്ഥാനം നഷ്‌ടമായി.
2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 76,319 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ ഇവികെഎസ് ഇളങ്കോവനെ പരാജയപ്പെടുത്തിയാണ് രവീന്ദ്രനാഥ് തേനിയിൽ വിജയം നേടിയത്. എന്നാൽ രവീന്ദ്രനാഥിന്‍റെ തെരഞ്ഞെടുപ്പ് വിജയം അസാധുവായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് തേനി മണ്ഡലത്തിലെ വോട്ടറായ മിലാനി മദ്രാസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.
തെരഞ്ഞെടുപ്പിന് നൽകിയ നാമനിർദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ ഉൾപ്പടെ മറച്ചുവച്ചിരുന്നെന്ന് കാട്ടിയായിരുന്നു മിലാനി കേസ് ഫയൽ ചെയ്‌തത്. ജസ്റ്റിസ് എസ്.എസ് സുന്ദറിന് മുമ്പാകെ കേസ് പരിഗണിച്ചപ്പോൾ എം.പി രവീന്ദ്രനാഥ് തെളിവെടുപ്പിന് നേരിട്ട് ഹാജരാവുകയും ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്‌തിരുന്നു.
കൂടാതെ രവീന്ദ്രനാഥ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി രേഖകളും സമർപ്പിച്ചിരുന്നു. തനിക്കെതിരായ കേസ് തള്ളണമെന്ന് രവീന്ദ്രനാഥ് ഹർജി നൽകിയിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. തുടർന്ന് ഹർജിയിൽ വാദം പൂർത്തിയാക്കിയ ശേഷമാണ് അയോഗ്യനാക്കിക്കൊണ്ടുള്ള വിധി കോടതി പുറപ്പെടുവിച്ചത്.
അതേസമയം രവീന്ദ്രനാഥിന് അപ്പീൽ നൽകുന്നതിനായി അയോഗ്യത നടപ്പിലാക്കുന്നതിന് 30 ദിവസത്തെ സ്റ്റേ കോടതി അനുവദിച്ചിട്ടുണ്ട്. അപ്പീല്‍ കോടതി രവീന്ദ്രനാഥ് കുമാറിന്‍റെ ഹര്‍ജി തള്ളിയാല്‍ തേനി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രവീന്ദ്രനാഥിന് മാത്രമായിരുന്നു എഐഎഡിഎംകെയിൽ നിന്ന് വിജയിക്കാനായത്.
നേരത്തെ 2022 ജൂലൈയിൽ എഐഎഡിഎംകെ ഇടക്കാല ജനറൽ സെക്രട്ടറി ഒ പനീർ സെൽവത്തിനും, ഇളയ സഹോദരൻ ജയ പ്രദീപിനുമൊപ്പം ഒ പി രവീന്ദ്രനാഥിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ചെന്നൈ വാനഗരത്തെ എഐഎഡിഎംകെ ആസ്ഥാനത്ത് നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു അന്ന് നാടകീയ നീക്കമുണ്ടായത്.
യോഗത്തിൽ ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തെരഞ്ഞെടുക്കുകയും ചെയ്‌തിരുന്നു. പിന്നാലെ പനീർ സെൽവം മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സ്വന്തമാക്കുകയും ചെയ്‌തിരുന്നു. ജനറല്‍ കൗണ്‍സില്‍ യോഗത്തിലെടുത്ത തീരുമാനം റദ്ദാക്കി മുന്‍പുള്ള സ്ഥിതി തുടരാനായിരുന്നു ജസ്റ്റിസ് ജി ജയചന്ദ്രന്‍ ഉത്തരവിട്ടത്. എന്നാൽ പിന്നീട് ഇത് ഡിവിഷൻ ബഞ്ച് റദ്ദാക്കുകയായിരുന്നു.