ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ഒരാൾ പോലും ഓക്‌സിജൻ ലഭിക്കാതെ മരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ഓക്‌സിജൻ ലഭ്യതക്കുറവിന്‍റെ പ്രശ്‌നങ്ങൾ രാജ്യത്ത് ഉണ്ടായിരുന്നെങ്കിലും ആരും തന്നെ ഓക്‌സിജൻ കിട്ടാതെ മരിച്ചതായി സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ രാജ്യസഭയെ അറിയിച്ചത്.
രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ലഭിക്കാതെ ധാരാളം രോഗികൾ റോഡുകളിലും ആശുപത്രികളിലും മരിച്ച് വീണിരുന്നില്ലേയെന്ന കോൺഗ്രസ് എംപി കെസി വേണുഗോപാലിന്‍റെ ചോദ്യത്തിന് ആരോഗ്യം സംസ്ഥാനങ്ങളുടെ കാര്യമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.
Also Read: രണ്ടുമൂന്ന് മാസത്തിനുള്ളിൽ 60 ശതമാനം പേർക്കും വാക്‌സിൻ നൽകുമെന്ന് കേരളം സുപ്രീം കോടതിയിൽ
മരണങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്നത് സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശങ്ങൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ടെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.
രാജ്യത്ത് കൊവിഡ് ഒന്നാം തരംഗത്തിൽ 3095 മെട്രിക്ക് ടൺ ഓക്‌സിജൻ ആവശ്യം വന്നപ്പോൾ രണ്ടാം തരംഗത്തിൽ 9000 മെട്രിക്ക് ടൺ മെഡിക്കൽ ഓക്‌സിജനാണ് ആവശ്യമായി വന്നതെന്നും മന്ത്രി പറഞ്ഞു.