ജോഥ്പൂര്‍: ജലോറിലെ ക്ഷേത്രത്തിൽ പ്രാർഥിക്കാനെത്തിയ ദലിത് ദമ്പതികളെ തടഞ്ഞ സംഭവത്തില്‍ പൂജാരിയെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്‌തു. അഹോർ സബ്‌ഡിവിഷനു കീഴിലുള്ള നീലകണ്‌ഠ ഗ്രാമത്തിലാണ് സംഭവം. ക്ഷേത്രത്തിന്റെ ഗേറ്റിൽ ദമ്പതികളെ വേല ഭാരതി തടയുന്നതിന്‍റെ ദൃശ്യങ്ങള്‍ ശനിയാഴ്‌ച വൈറലായിരുന്നു.
ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൂജാരിക്കെതിരെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കേസെടുത്തുവെന്ന് ജലോർ പൊലീസ് സൂപ്രണ്ട് ഹർഷ് വർധൻ അഗർവാല പറഞ്ഞു. വിവാഹശേഷം ക്ഷേത്രത്തിൽ നാളികേരം സമർപ്പിക്കാനെത്തിയ ദമ്പതികളെ ഗേറ്റിൽ തടഞ്ഞു നിർത്തി നാളികേരം പുറത്ത് സമർപ്പിക്കാൻ പൂജാരി ആവശ്യപ്പെട്ടുവെന്നും ദളിത് വിഭാഗത്തിൽ പെട്ടവരായതിനാൽ ക്ഷേത്രത്തിൽ കയറുന്നത് വിലക്കിയെന്നും ദമ്പതികള്‍ പരാതിയില്‍ പറയുന്നു. ഗ്രാമത്തിലെ ചിലര്‍ പൂജാരിയെ പിന്തുണച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്.
Also Read ഉന്നതജാതിക്കാരുടെ പീഡനം അതിരുകടന്നു: പരാതിയുമായി ദലിതര്‍ കലക്ടറുടെ ഓഫിസില്‍