കാഠ്‌മണ്ഡു: നേപ്പാൾ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരിൽ 70 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ രണ്ട് പേര്‍ക്കായുളള തിരച്ചില്‍ ഇന്നും തുടരും. ഇന്നലെ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു.
വിമാനത്തിലാകെ 72 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇനി രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടെ കണ്ടെത്താനുണ്ട്. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. വിമാനത്തിന്‍റെ ബ്ലാക് ബോക്‌സ് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ബ്ലാക് ബോക്‌സ് സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന് കൈമാറി.
മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടസ്ഥലത്തുനിന്ന് വിമാനത്തിന്‍റെ കോക്ക്പിറ്റ് വോയ്‌സ് റെക്കോഡറും ഫ്ലൈറ്റ് ഡാറ്റാ റെക്കോഡറും കണ്ടെടുത്തു. അപകടകാരണം മോശം കാലാവസ്ഥയല്ലെന്നാണ് വിലയിരുത്തല്‍.
15 വര്‍ഷം പഴക്കമുള്ള വിമാനത്തിന് യന്ത്രത്തകരാറോ അതല്ലെങ്കില്‍ പൈലറ്റിന് സംഭവിച്ച പിഴവോ ആകാം അപകടകാരണം എന്നാണ് സൂചന. മരിച്ചവരോടുള്ള ആദരസൂചകമായി യതി എയര്‍ലൈന്‍സ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
ഞായറാഴ്‌ച (15.01.2023) രാവിലെ 11 മണിയോടെ പൊഖാറ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ലാന്‍റിങിനിടെ വിമാനം തകർന്ന് വീഴുകയായിരുന്നു. പൊഖാറയിലെ പുതിയ വിമാനത്താവളത്തിനും പഴയ വിമാനത്താവളത്തിനും ഇടയിൽ സേതി നദീതീരത്താണ് വിമാനം തകർന്നു വീണത്. അപകടസമയത്ത് 68 യാത്രക്കാരും നാല് ജീവനക്കാരും ഉൾപ്പടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.