ഹൈദരാബാദ്: മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് 2021 സെപ്റ്റംബർ 12ന് നടക്കും. ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയാണ് പരീക്ഷ നടക്കുക. രാജ്യത്തിന് അകത്തും പുറത്തുമുള്ള 202 നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളാണ് പരീക്ഷക്കായി സജ്ജമാക്കിയിട്ടുള്ളത്. 16.1 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഒന്നരയ്ക്ക് ശേഷം വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കില്ല. രാവിലെ 11 മണി മുതൽ പ്രവേശനം അനുവദിക്കും. എൻടിഎ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡിന്‍റെ പകർപ്പ്, അപേക്ഷ ഫോമിലുള്ള രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ, തിരിച്ചറിയൽ കാർഡ് തുടങ്ങിയവ ഹാജരാക്കണം. ആവശ്യമെങ്കിൽ പിഡബ്ല്യുബിഡി സർട്ടിഫിക്കറ്റ്, പകർപ്പെഴുത്തുകാരൻ എന്നിവയും ഹാജരാക്കണം.
പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസി കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഡ്രസ് കോഡ് നിർബന്ധം
വിദ്യാർഥികൾക്ക് എൻ95 മാസ്കുകൾ അതത് പരീക്ഷ കേന്ദ്രങ്ങളിൽ നിന്ന് നൽകും. സാനിറ്റൈസറുകൾ കൊണ്ടുവരാൻ വിദ്യാർഥികൾക്ക് അനുവാദമുണ്ട്. നിർദേശിക്കപ്പെട്ട രീതിയിലുള്ള ഡ്രസ് കോഡ് പാലിക്കുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. മൊബൈൽ ഫോൺ, ബ്ലൂടുത്ത് ഉപകരണങ്ങൾ, ഹെഡ്ഫോണുകൾ, പേപ്പർ, പെൻസിൽ, സ്കാനർ തുടങ്ങിയ ഉപകരണങ്ങൾ കൊണ്ടുവരാൻ അനുവാദമില്ല.
ഭക്ഷണ സാധനങ്ങൾ, ആഭരണങ്ങൾ, ഹാൻഡ്ബാഗുകൾ, പേഴ്‌സ്, ബെൽറ്റ്, തൊപ്പി, കാമറ, മെറ്റാലിക് സാധനങ്ങൾ എന്നിവയും പരീക്ഷ കേന്ദ്രത്തിൽ അനുവദിക്കില്ല.
ഇത്തവണ പരീക്ഷ മലയാളത്തിലും
എംബിബിഎസ്, ഡെന്‍റൽ, ആയൂർവേദം, സിദ്ധ വൈദ്യം, യുനാനി, ഹോമിയോപതി. മറ്റ് മെഡിക്കൽ ബിരുദ കോഴ്സുകൾ എന്നിവയ്ക്ക് അംഗീകൃത മെഡിക്കൽ, ഡെന്‍റൽ, ആയുഷ്, കോളജുകൾ, ഡീംഡ് സർവകലാശാലകൾ, എയിംസ്, ജിപ്മെർ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷയാണ് നടക്കുക.
രണ്ട് വിഭാഗങ്ങളായാണ് പരീക്ഷ നടക്കുക. ആദ്യ വിഭാഗത്തിൽ 35 ചോദ്യങ്ങളും രണ്ടാം വിഭാഗത്തിൽ 15 ചോദ്യങ്ങളും ഉണ്ടാകും. ബോൾപോയിന്‍റ് പേനയാണ് വിദ്യാർഥികൾ ഉപയോഗിക്കേണ്ടത്. ഇംഗ്ലിഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു തുടങ്ങി 13 ഭാഷകളിൽ പരീക്ഷ നടക്കും.
പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവരിൽ ഏറ്റവും കൂടുതൽ സ്ത്രീ-പുരുഷ അനുപാതം ഉള്ളത് കേരളത്തിലാണ്.