കൊവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ ലോക്ക് ഡൗൺ സ്‌ത്രീകൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. ഈ മഹാമാരി ആർത്തവ സമയത്തെ കൂടുതൽ കടുത്തതാക്കി മാറ്റി. സാനിറ്ററി നാപ്‌കിനുകള്‍ വാങ്ങുന്നതിനു പോലും വലിയ പ്രയാസമാണ് നേരിട്ടത്. ഈ വർഷം മാര്‍ച്ച് 30 വരെ നാപ്‌കിനുകൾ അവശ്യ വസ്‌തുക്കളുടെ പട്ടികയില്‍ പെട്ടിരുന്നില്ല. ഈ അടുത്ത കാലത്തായി സാനിറ്ററി നാപ്‌കിനുകളുടെ സുരക്ഷിതമായ ഒഴിവാക്കലാണ് മറ്റൊരു പ്രശ്‌നം. ആര്‍ത്തവം സംബന്ധിച്ചുള്ള കാര്യങ്ങള്‍ തുറന്നു പറയാൻ സ്‌ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ വളരെയധികം ശ്രമം ഇന്ത്യ നടത്തുകയും, അതിൽ ഏറെ പുരോഗതി ഉണ്ടാവുകയും ചെയ്‌തിട്ടുണ്ട്. അതുപോലെ തന്നെ ശുചിത്വം പാലിക്കുന്നതിനാവശ്യമായ വസ്‌തുക്കൾ കൂടുതല്‍ ലഭ്യമാക്കുന്നതിനും നടപടികള്‍ എടുത്തിട്ടുണ്ട്.
എന്നാല്‍ ഉപയോഗിച്ചു കഴിഞ്ഞ ആര്‍ത്തവ ഉല്പന്നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള കാര്യത്തില്‍ പ്രത്യേകിച്ച് ഒരു പുരോഗതിയും നമ്മള്‍ ഇതുവരെ കൈവരിച്ചിട്ടില്ല. ഇന്നും ആ പ്രശ്‌നം നിലനിൽക്കുന്നു. താനെയിലെ ചേരികളില്‍ മ്യൂസ് ഫൗണ്ടേഷന്‍ നടത്തിയ ഒരു പഠനത്തിൽ 71 ശതമാനം സ്‌ത്രീകളും ഉപയോഗിച്ച് ഉപേക്ഷിക്കാവുന്ന സാനിറ്ററി നാപ്‌കിനുകൾ തന്നെയാണ് ഉപയോഗിക്കുന്നതെന്നും, അവരില്‍ 45 ശതമാനം പേരെങ്കിലും പൊതു ശുചിമുറികളിലാണ് ഇത്തരം പാഴ്‌വസ്‌തുക്കൾ ഉപേക്ഷിക്കുന്നത് എന്നുമാണ് കണ്ടെത്തിയത്. അപ്പോള്‍ ആര്‍ത്തവ ശുചിത്വം പാലിക്കുന്നതുമായി ബന്ധപ്പെട്ട ഉൽപന്നങ്ങള്‍ സംഭരിക്കുന്നത് മുതല്‍ ഉപയോഗിച്ചു കഴിഞ്ഞ സാനിറ്ററി നാപ്‌കിനകളും, തുണി കൊണ്ടുള്ള പാഡുകളും ഇപ്പോൾ ഉപേക്ഷിക്കാനുള്ള പ്രയാസങ്ങള്‍ കൂടിയാകുമ്പോൾ പ്രതിസന്ധി രൂക്ഷമാണ്. പാഴ്‌വസ്‌തുക്കൾ വളരെ അലക്ഷ്യമായ രീതിയില്‍ കൈകാര്യം ചെയ്യുന്നത് മാരക രോഗങ്ങള്‍ ഉണ്ടാക്കുകയും അത് പടരാനും കാരണമാകും.
ഇത്തരത്തിൽ ഇന്ത്യയില്‍ 6.3 കോടി ടണ്‍ ഖര മാലിന്യമാണ് പ്രതിവര്‍ഷം ഉണ്ടാകുന്നതെന്നാണ് കണക്ക്. 2016 ലെ ഖര മാലിന്യ പരിപാലന (എസ്.ഡബ്ല്യൂ.എം) നിയമ പ്രകാരം എല്ലാ തരത്തിലുമുള്ള ആര്‍ത്തവ പാഴ്‌വസ്‌തുക്കളും ബയോ മെഡിക്കല്‍ വേസ്റ്റ് ഇന്‍സിനറേറ്ററുകളിലിട്ട് സംസ്‌കരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഈ നിയമം നടപ്പില്‍ വരുത്തുന്നതിന്‍റെ ഭാഗമായി മാലിന്യ വസ്‌തുക്കൾ തരം തിരിക്കുകയും ശേഖരിക്കുകയും അവ കൊണ്ടുപോകുകയും ചെയ്യുന്നതിനായി ഒരു സുസ്ഥിര ചങ്ങല സൃഷ്‌ടിക്കേണ്ടത് വളരെ പ്രധാനമാണ്. വീടുകളില്‍ തന്നെ വിവിധ വസ്‌തുക്കൾ തരം തിരിക്കുന്നതിനായി പ്രത്യേകം പേപ്പര്‍ ബാഗുകള്‍ ഒരുക്കുന്നതില്‍ തുടങ്ങി മാലിന്യങ്ങള്‍ എടുത്തുകൊണ്ട് പോകുന്നവര്‍ അവ ഉപേക്ഷിക്കുന്നതിന് മുമ്പായി തരം തിരിക്കേണ്ടത് വരെയുള്ള കാര്യങ്ങൾ പ്രധാനമാണ്. ഇത് അപകടകരമായ വിഷ വാതകങ്ങള്‍ പുറത്തുവരാതിരിക്കാൻ സഹായിക്കും.
'ഫിനിഷ്' എന്ന സൊസൈറ്റി (ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഇംപ്രൂവ്‌സ് സാനിറ്റേഷന്‍ ആന്‍റ് ഹെല്‍ത്ത്) 243 സ്‌ത്രീകളിൽ നടത്തിയ പഠനത്തിൽ, മൊത്തം ജനസംഖ്യയുടെ 68 ശതമാനവും മണ്ണിനോട് ലയിച്ചു ചേരാത്ത തരത്തിലുള്ള പാഡുകളാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. അതേസമയം 24 ശതമാനം പേര്‍ പറഞ്ഞത് അവര്‍ ഉപയോഗിക്കുന്നത് മണ്ണിനോട് ലയിച്ചു ചേരുന്ന തരത്തിലുള്ള സാനിറ്ററി നാപ്‌കിനുകളാണെന്നാണ്. 1, 2, 3 തലങ്ങളിലുള്ള നഗരങ്ങളിലാണ് ഈ പഠനം നടത്തിയത്. ഒരു സാനിറ്ററി പാഡ് ജീർണിച്ച് മണ്ണിൽ ചേരുന്നതിന് 500 മുതല്‍ 800 വര്‍ഷം സമയം എടുക്കുമെന്ന് പഠനങ്ങൾ പറയുന്നു. എല്ലാതരം സാനിറ്ററി നാപ്‌കിനുകളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ദ്രവിച്ച് മണ്ണിനോട് അലിഞ്ഞു ചേരുന്നതല്ല. മാത്രമല്ല, അവ അതിഭീകരമായ ആരോഗ്യ, പരിസ്ഥിതി പ്രശ്‌നങ്ങളും സൃഷ്‌ടിക്കുമെന്നും പഠനങ്ങളിൽ പറയുന്നു.
മിക്ക സ്‌ത്രീകളിലും തങ്ങള്‍ ഉപയോഗിച്ചു കഴിഞ്ഞ വസ്‌തുക്കൾ ചവറ്റുകുട്ടയിൽ തന്നെയാണ് ഇടുന്നത്. അതുമൂലം അവ ഖര മാലിന്യങ്ങളുടെ ഭാഗമായി മാറുന്നു. ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട വസ്‌തുക്കൾ ഒഴിവാക്കുന്ന കാര്യത്തില്‍ മിക്കപ്പോഴും അശ്രദ്ധയാണ് ഉള്ളതെന്നും അത് സ്‌ത്രീകള്‍ക്കും ശുചിത്വ സൗകര്യങ്ങള്‍ക്കും ഒരുപോലെ ഹാനികരമാണെന്നും യൂനിസെഫ് പഠനങ്ങള്‍ കാട്ടിത്തരുന്നു. പാഴ്‌വസ്‌തു നീക്കം ചെയ്യാൻ ബദൽ സംവിധാനം ഇല്ലാത്ത സാഹചര്യമുണ്ടാകുമ്പോള്‍ സ്‌ത്രീകൾ പലപ്പോഴും ഉപയോഗിച്ചു കഴിഞ്ഞ ആര്‍ത്തവ വസ്‌തുക്കൾ ശുചിമുറികളിലാണ് ഒഴിവാക്കുന്നത്. ഇത് ശുചിമുറിയിലെ കുഴലുകള്‍ അടയുന്നതിനും, സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കുമ്പോള്‍ വാക്വം ഹോസുകളെ തടസപ്പെടുത്തുന്നതിനും കാരണമാകും. അതിനാല്‍ സുരക്ഷിതവും, പരിസ്ഥിതി സൗഹാർദപരവുമായ ശുചിത്വ ഉൽപന്നങ്ങളിലേക്ക് മാറുക എന്നത് ഒരു പ്രവര്‍ത്തി മാത്രമല്ല, മറിച്ച് ബോധവല്‍ക്കരണവും കൂടിയാണ്. അതിനാല്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ആള്‍ക്കൂട്ട സ്രോതസുകള്‍ വഴി നവീനവും ലാഭകരവുമായ പരിഹാര മാർഗങ്ങൾ കണ്ടെത്താൻ നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള ശ്രമങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്.
ചെലവ് കുറഞ്ഞ ആര്‍ത്തവ ആരോഗ്യ പരിപാലനത്തിന്‍റെ വികസന സൂചികകളും, നിർണായക ആരോഗ്യ പ്രശ്‌നങ്ങൾ നിരീക്ഷിക്കുന്നതിനുള്ള പിന്തുണ എന്ന നിലയിൽ അതിവേഗ പഠന പരിപാടികള്‍ നടത്തുന്നതിന്നു വേണ്ടി നവീനമായ മൊബൈല്‍ സാങ്കേതിക വിദ്യയ്ക്ക് വേണ്ടിയുള്ള മുതല്‍ മുടക്ക് പ്രധാനമാണ്. 2000 മുതല്‍ തന്നെ ഇന്ത്യയിൽ ഖര മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിലവിലുണ്ട്. ഉയര്‍ന്നു വരുന്ന പുതിയ നിർമാര്‍ജന സാങ്കേതിക വിദ്യകൾ, കമ്പോസ്റ്റിങ്, നഗര ഭരണ സമിതികളിലെ സൗകര്യങ്ങള്‍ കൂടുതല്‍ ശക്തമാക്കല്‍, പാഴ് വസ്‌തുക്കള്‍ തരം തിരിക്കലും പുനരുപയോഗവും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടി കാലങ്ങളായി ഈ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍ ഇന്ന് ലോകം ഒരു മഹാമാരിയുടെ പിടിയില്‍ കിടക്കുമ്പോള്‍ മലിനവും അപകടകരവുമായ വസ്‌തുക്കൾ സുരക്ഷിതമായി ഒഴിവാക്കേണ്ടത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമായി മാറിയിരിക്കുന്നു. അതിനാൽ രാജ്യത്ത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു നവയുഗ ആര്‍ത്തവ മാലിന്യ സംസ്‌കരണ പരിഹാരം കൊണ്ടു വരുന്നതിനായി ഒരു പരിസ്ഥിതി സൃഷ്‌ടിക്കേണ്ടത് അനിവാര്യമാണ്.