വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ട കുട്ടികള്‍ പിറന്ന തമിഴ് സൂപ്പര്‍ താരം നയന്‍താര- വിഘ്‌നേഷ് ദമ്പതികളോട് വിഷയം സംബന്ധിച്ച് വിശദീകരണം തേടുമെന്ന് തമിഴ്‌നാട് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യം. രാജ്യത്ത് നിലവിലുള്ള ചട്ടങ്ങള്‍ മുഴുവന്‍ പാലിച്ചിട്ട് തന്നെയാണോ ഗര്‍ഭധാരണം നടത്തിയതെന്നും അന്വേഷിക്കും. 21 വയസിനും 36 വയസിനും ഇടയിലുള്ള യുവതിക്ക് മാതാപിതാക്കളുടെയും ഭര്‍ത്താവിന്‍റെയും സമ്മതത്തോടെ മാത്രമെ അണ്ഡം ദാനം ചെയ്യാനാകൂ.
മാത്രമല്ല വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം കഴിഞ്ഞതിന് ശേഷം കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമെ ഇത്തരത്തില്‍ വാടക ഗര്‍ഭധാരണം നടത്താവൂവെന്നും ചട്ടമുണ്ട്. വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ എങ്ങനെ വാടക ഗര്‍ഭ ധാരണം സാധ്യമാകും എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് നയന്‍താരയോട് തമിഴ്‌നാട് മെഡിക്കല്‍ കോളജ് ഡയറക്‌ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്നും നിയമ ലംഘനം നടന്നിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വിഷയത്തില്‍ താരങ്ങളോട് കൂടുതല്‍ വിശദീകരണം തേടുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ജൂണിലാണ് ഇരുവരും വിവാഹിതരായത്. ഇന്നലെയാണ് (ഒക്‌ടോബര്‍ 9) തങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നെന്ന വിവരം ഇരുവരും ട്വിറ്ററിലൂടെ പങ്ക് വെച്ചത്.