ന്യൂഡൽഹി: കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷയ്‌ക്ക് എത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). സംഭവത്തിൽ എൻടിഎയ്‌ക്ക് നേരിട്ട് പരാതി ലഭിച്ചിട്ടില്ല. എന്നാൽ, മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത് അനുസരിച്ച് പരീക്ഷ കേന്ദ്രം സൂപ്രണ്ടിൽ നിന്നും അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നതായി എൻടിഎ അറിയിച്ചു. തുടർന്ന്, പെൺകുട്ടിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നും ദുരുദ്ദേശത്തോടെ ആണെന്നും പരീക്ഷ കേന്ദ്രം സൂപ്രണ്ട് എൻടിഎയ്‌ക്ക് റിപ്പോർട്ട് നൽകിയതായും എൻടിഎ പ്രതികരിച്ചു.
സംഭവത്തിൽ പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിന്മേൽ പൊലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റാരോപിതയായ ഉദ്യോഗസ്ഥയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ആദ്യമായി നീറ്റ് പരീക്ഷ എഴുതാനെത്തിയ തന്‍റെ മകൾക്ക് നേരിട്ടത് ദുരനുഭവം ആണെന്നും ഇതുവരെ അതിന്‍റെ ആഘാതത്തിൽ നിന്നും കര കയറിയിട്ടില്ലെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
നീറ്റ് ബുള്ളറ്റിനിൽ പറഞ്ഞിരിക്കുന്ന ഡ്രസ് കോഡ് അനുസരിച്ചാണ് മകൾ വസ്‌ത്രം ധരിച്ചിരുന്നതെന്നും രക്ഷിതാവ് വ്യക്തമാക്കി. സമാന സംഭവത്തിൽ അപമാനിതരായ കൂടുതൽ പെൺകുട്ടികൾ രംഗത്തെത്തി. സംഭവത്തിൽ വിവിധ യുവജന സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.