ബിഹാര്‍ : ലോകത്തെ വൻശക്തികളായ രാജ്യങ്ങളുടെ പേര് സിസ്‌വ ബസന്ത്പൂർ പഞ്ചായത്തിലെ ജമാദര്‍ ഗ്രാമത്തില്‍ വന്ന് പറയുകയാണെങ്കില്‍ ഗ്രാമവാസികള്‍ ചില വീടുകള്‍ കാണിച്ചു തരും. ഛന്നാര്‍ ശര്‍മയുടെയും ഗോഹാത് ദേവിയുടെയും മക്കള്‍ക്ക് രാഷ്ട്രങ്ങളുടെ പേരാണ്.ഇവരുടെ ബന്ധു അക്ലുശര്‍മ രണ്ടാം ലോകമഹായുദ്ധത്തിന് സൈന്യത്തില്‍ ചേര്‍ന്നിരുന്നു. ഇദ്ദേഹത്തിന്‍റെ നിര്‍ബന്ധ പ്രകാരമാണ്, മക്കള്‍ക്ക് രാജ്യങ്ങളുടെ പേര് നല്‍കിയത്.
ആദ്യം പേര് വീഴുന്നത് അമേരിക്കയ്ക്കാണ്. അക്ലുശര്‍മ യുദ്ധത്തില്‍ പങ്കെടുത്ത ശേഷം പരിക്കേറ്റ് വിശ്രമത്തിലായിരിക്കുമ്പോഴാണ് മരുമകന് ആദ്യ മകൻ ജനിക്കുന്നത്. അമേരിക്ക ശര്‍മ എന്ന പേര് അങ്ങനെ വന്നു. തുടര്‍ന്ന്, ജനിക്കാനിരിക്കുന്ന മക്കള്‍ക്കുള്ള പേരുകളും ഇദ്ദേഹം നിര്‍ദേശിച്ചു. പിന്നെ റഷ്യ ശര്‍മ, ജര്‍മനി ശര്‍മ, ആഫ്രിക്ക ശര്‍മ, ജപ്പാന്‍ ശര്‍മ എന്നിങ്ങനെ മറ്റുള്ളവര്‍ക്ക് പേരുനല്‍കി.
Also read: അഗര്‍ത്തലയില്‍ കുടുങ്ങിയ 5 ബംഗ്ലാദേശ് പൗരന്‍മാരെ തിരിച്ചയച്ചു
പേരിലെ വ്യത്യസ്‌തത കൊണ്ട് സമാധാനത്തിന്‍റെയും മാനവികതയുടെയും സന്ദേശം നൽകാനാണ് ഇവരുടെ അച്ഛൻ ഛന്നാര്‍ ശര്‍മ ആഗ്രഹിക്കുന്നത്. 'റഷ്യ' 2012 ലും 'ജര്‍മനി' 2017ലും മരിച്ചു. അമേരിക്കയും ആഫ്രിക്കയും ജപ്പാനും മരപ്പണി ചെയ്‌ത് ജീവിക്കുകയാണ്. റഷ്യ-യുക്രൈന്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കനത്ത ആശങ്കയിലാണ് സഹോദരങ്ങളായ അമേരിക്കയും, ആഫ്രിക്കയും, ജപ്പാന്‍ ശര്‍മയും.
'സഹോദരങ്ങള്‍ പരസ്പരം ഉപദ്രവിക്കരുത്, മികച്ച രീതിയിൽ പിന്തുണയ്ക്കുകയും സഹായിക്കുകയും വേണം. ഒരു രാജ്യം മറ്റൊരു രാജ്യം കീഴടക്കരുത്' - മൂവരും പറയുന്നു. തങ്ങളെപ്പോലെ യുക്രൈനും റഷ്യയും സഹോദരങ്ങളാണ്. അവർ പരസ്പരം പോരടിക്കാതെ സന്തോഷത്തോടെ ജീവിക്കണമെന്നും 'അമേരിക്ക'യും 'ആഫ്രിക്ക'യും 'ജപ്പാനും' അഭ്യര്‍ഥിക്കുന്നു.