ന്യൂഡല്‍ഹി: അടുത്ത മാസം നടക്കുന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്താനൊരുങ്ങി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും, കേന്ദ്ര പ്രതിരോധ മന്ത്രിയും ലോക്‌സഭാ ലീഡറുമായ രാജ്‌നാഥ് സിങും. നാഷണല്‍ ഡെമോക്രാറ്റിക്ക് അലയന്‍സ് (എൻഡിഎ)യിലെ എല്ലാ കക്ഷികളുമായും യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യുപിഎ)യിലെ നേതാക്കളുമായും ഇരുവരും ചര്‍ച്ച നടത്തും.
നിലവിൽ ജനതാദൾ (യുണൈറ്റഡ്), പശുപതി പരാസിന്‍റെ നേതൃത്വത്തിലുള്ള രാഷ്‌ട്രീയ ലോക് ജൻ ശക്തി പാർട്ടി, അനുപ്രിയ പട്ടേലിന്‍റെ അപ്‌നാ ദൾ, ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേട്ര കഴകം (എഐഎഡിഎംകെ), ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജനനായക് ജനതാ പാർട്ടി (ജെജെപി) എന്നീ പാര്‍ട്ടികളുമായി നേതാക്കള്‍ സംസാരിക്കും. നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), അസം ഗണ പരിഷത്ത് (എജിപി) തുടങ്ങിയവയാണ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ സഖ്യകക്ഷികള്‍. ഇവരുമായും ഇരു നേതാക്കളും ചര്‍ച്ച നടത്തും.
പ്രതിപക്ഷ, സ്വതന്ത്ര പാര്‍ട്ടികളുമായുള്ള സമവായത്തോടെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നടത്തുക എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്. കഴിഞ്ഞ ആഴ്‌ചയാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ജൂലൈ 21ന് ഫലം പ്രഖ്യാപിക്കും. 2017 ജൂലൈ 25നാണ് ഇന്ത്യയുടെ 14-ാമത് പ്രസിഡന്‍റായി രാം നാഥ് കോവിന്ദ് സ്ഥാനം ഏറ്റെടുത്തത്. 2022 ജൂലൈ 24 ന് അദ്ദേഹത്തിന്‍റെ കാലാവധി അവസാനിക്കും.
Also Read: രാഷ്ട്രപതി തെരഞ്ഞെടുപ്പ് : വേണ്ടത് തുറന്ന ചർച്ചകളെന്ന് കോൺഗ്രസ്