ഐസ്വാൾ: കഴിഞ്ഞ മാസം മ്യാൻമറിൽ നടന്ന സൈനിക അട്ടിമറിയും അടിയന്തരാവസ്ഥ പ്രഖ്യാപനവും മൂലം മിസോറാമിൽ അഭയം തേടിയിരിക്കുന്ന തങ്ങളുടെ പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചയക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് മ്യാൻമർ അധികൃതർ. എട്ട് പോലീസ് ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ബുധനാഴ്ച മുതൽ മിസോറാമിൽ കഴിയുന്നത്.
എട്ട് പൊലീസുകാരെയും അറസ്റ്റ് ചെയ്ത് തിരിച്ചയക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടതായി മിസോറാമിലെ ഫലാം ജില്ലയിലെ ഡെപ്യൂട്ടി കമ്മിഷണർ ചമ്പായ് ജില്ലാ ഡെപ്യൂട്ടി കമ്മിഷണർക്ക് അയച്ച കത്തിൽ പറയുന്നു.
മ്യാൻമറിൽ നിന്നുള്ള എട്ട് പൊലീസ് ഉദ്യോഗസ്ഥർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും രണ്ട് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം നിലനിർത്തുന്നതിന് വേണ്ടി അവരെ മ്യാൻമറിന് കൈമാറാൻ അഭ്യർഥിക്കുന്നതായാണ് കത്തിൽ പറയുന്നത്സം ഭവത്തിൽ മേലുദ്യോഗസ്ഥരുമായി ചർച്ച നടത്തി ഉചിതമായ നടപടി എടുക്കുമെന്ന് സുവാലി പറഞ്ഞു.
15 മ്യാൻമർ പൊലീസുകരാണ് ഇന്ത്യയിലെക്ക് കടന്നതെന്നും ഇതിൽ എട്ട് പേർ ചമ്പായ് ജില്ലയിലേക്കും മറ്റുള്ളവർ സെർച്ചിപ്പ് ജില്ലയിലും അഭയം തേടിയതായി മിസോറാമിലെ ലോക്സഭാ അംഗം സി. ലാൽറോസംഗ പറഞ്ഞു. ഫെബ്രുവരി ഒന്നിന് പ്രസിഡന്‍റ് യു വിൻ മൈന്‍റ്, സ്റ്റേറ്റ് കൗൺസിലർ ഓങ് സാൻ സൂകി എന്നിവരെ സൈന്യം തടങ്കലിൽ ആക്കിയിരുന്നു. തുടർന്ന് മ്യാൻമറിൽ ഒരു വർഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സംസ്ഥാനത്തിന്‍റെ അധികാരം സെൻ-ജനറൽ മിൻ ആംഗ് ഹേലിംഗിലേക്ക് മാറ്റുകയും ചെയ്തു.
നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പട്ടാളം പിന്തുണയ്ക്കുന്ന പാർട്ടികളെ പരാജയപെടുത്തി നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി തിളക്കമാർന്ന വിജയം കരസ്ഥമാക്കിയിരുന്നു. ഇതാണ് പട്ടാളത്തെ പ്രകോപിപ്പിച്ചതും വീണ്ടുമൊരു അട്ടിമറിക്ക് കാരണമായതും.