ന്യൂഡൽഹി : കൊവിഡ് ചികിത്സയ്‌ക്കായുള്ള പ്രധാന മരുന്നുകൾ മിതമായ നിരക്കിൽ ലഭ്യമാക്കാനുള്ള വഴികൾ കണ്ടെത്തേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) എക്സിക്യുട്ടീവ് ബോർഡ് ചെയർമാൻ സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കുന്ന അദ്ദേഹം 149-ാമത് സെഷനിൽ സംസാരിക്കുകയായിരുന്നു.
കൊവിഡ് മരുന്നുകൾ മിതമായ നിരക്കിൽ ലഭ്യമാക്കണം
മഹാമാരി നേരിടുന്ന ഈ സമയത്ത് കൊവിഡ് വാക്സിനുകളുടെ ബൗദ്ധിക സ്വത്തവകാശവുമായി (ഐപിആർ) ചേർന്നുനിൽക്കാൻ വ്യവസായ മേഖലയ്‌ക്ക് സാധിക്കില്ല. എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള പ്രധാന പ്രേരക ഘടകമാണ് സഹകരണ ഗവേഷണത്തിനുള്ള സന്നദ്ധത. അതുകൊണ്ട് ലോകാരോഗ്യ സംഘടനയും വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (ഡബ്ല്യുടിഒ) പോലുള്ളവയും ഒന്നിച്ചുനിന്ന് ഈ നിർണായക ഘട്ടത്തിൽ കൊവിഡ് അനുബന്ധ മരുന്നുകൾ മിതമായ നിരക്കിൽ ലഭ്യമാക്കാനുള്ള മാർഗങ്ങൾ കണ്ടെത്തണം. വാക്സിനുകളുടെ തുല്യമായ വിതരണമാണ് നമുക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ ഏത് വിഭാഗക്കാരെയും സേവിക്കാൻ ലോകാരോഗ്യസംഘടനയ്‌ക്ക് കഴിയുമെന്ന് ഉറച്ചുവിശ്വസിക്കുന്നു. കൂട്ടായ പങ്കാളിത്തത്തോടെ മഹാമാരിക്കെതിരെ പൊരുതി ലോകം ഒന്നാണെന്ന അടിസ്ഥാന സത്യം സ്ഥിരീകരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
Also read: വിദേശ വാക്സിനുകൾ എത്തിക്കാന്‍ കൂടുതൽ ഇളവുകളുമായി ഡിസിജിഐ
കൂട്ടായ പങ്കാളിത്തോടെ മഹാമാരിയെ നേരിടണം
കൊവിഡിനെതിരെ പൊരുതുന്ന എല്ലാ രാജ്യങ്ങൾക്കും ഡബ്ല്യുഎച്ച്ഒ നൽകുന്ന സ്ഥിരമായ പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു. അടുത്ത രണ്ട് ദശകങ്ങളിൽ നിരവധി ആരോഗ്യ വെല്ലുവിളികൾ നേരിടേണ്ടി വരും. ഇതിനെ കൂട്ടായ പങ്കാളിത്തോടെ നേരിടണം. ലോകരാഷ്‌ട്രങ്ങള്‍ ആദര്‍ശവാദം പങ്കിടുകയെന്നതാണ് ഈ സമയത്ത് ഏറ്റവും അത്യാവശ്യം. ഇത്തരമൊരു ആഗോള പ്രതിസന്ധിയിൽ ആഗോള പൊതുജനാരോഗ്യത്തിൽ താൽപര്യവും നിക്ഷേപവും പുനരുജ്ജീവിപ്പിക്കുന്നതിന് നടപടികളുണ്ടാകണം. സംയുക്ത പ്രവർത്തനം, ഗവേഷണ അജണ്ട പങ്കിടൽ, മൂല്യവത്തായ അറിവിന്‍റെ വ്യാപനം മുതലായവയില്‍ കൂടുതൽ താൽപര്യത്തോടെ ഏർപ്പെടേണ്ടതുണ്ട്. എക്സിക്യുട്ടീവ് ബോർഡിന്‍റെ ചെയർമാനായി പ്രവർത്തിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെനിയ ആരോഗ്യ മന്ത്രാലയത്തിന്‍റെ ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. പാട്രിക് അമോത്ത് ഹർഷ് വർധന് പകരമായി എക്സിക്യുട്ടീവ് ബോർഡ് ചെയർമാനായി ചുമതലയേറ്റു.