ഝജ്ജാര്‍: മുറ ഇനത്തില്‍ പെട്ട എരുമയെ വിറ്റപ്പോൾ കർഷകന്‍റെ പോക്കറ്റില്‍ വീണത് ലക്ഷങ്ങൾ. ഹരിയാനയിലെ ഝജ്ജാറിലാണ് 4.60 ലക്ഷം രൂപയ്ക്ക് എരുമയുടെ വില്‍പന നടന്നത്. രണ്‍വീര്‍ ഷെയോരന്‍ (RANVEER SHAYORAN) എന്ന കര്‍ഷകനാണ് വളര്‍ത്ത് മൃഗത്തെ വലിയ തുകയ്ക്ക് വില്‍ക്കാന്‍ സാധിച്ചത്. രാജകീയമായി തന്നെയാണ് തനിക്ക് വലിയ ഭാഗ്യം നേടിത്തന്ന എരുമയെ അദ്ദേഹം യാത്രയാക്കിയത്.
നോട്ട് മാല അണിയിച്ചായിരുന്നു എരുമയെ കൈമാറിയത്. 26 ലിറ്റര്‍ പാലാണ് നിത്യവും ഈ എരുമ രണ്‍വീറിന് നല്‍കിയിരുന്നത്. ഈ പ്രദേശത്ത് ആദ്യമായാണ് ഒരു എരുമ ഇത്രയും വലിയ തുകയ്ക്ക് വിറ്റ് പോകുന്നത്. ഏതായാലും വാര്‍ത്ത പുറത്ത് വന്നതോടെ പണക്കിലുക്കമുള്ള എരുമയെ കാണാനായി വലിയ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
78,000 രൂപയ്ക്കാണ് താന്‍ ഈ എരുമയെ വാങ്ങിയതെന്ന് രണ്‍വീര്‍ പറഞ്ഞു. നന്നായി ഇതിനെ പരിപാലിച്ചു. ഭക്ഷണ കാര്യത്തിലും ചില നിര്‍ബന്ധങ്ങള്‍ ഉണ്ടായിരുന്നു. ആറ് വയസാണ് എരുമയുടെ പ്രായം. ഖാന്‍പൂര്‍ കലന്‍ ഗ്രാമത്തിലെ മല്‍വീന്ദ്ര (MALVEENDRA) എന്നയാളാണ് എരുമയെ വാങ്ങിയത്.
ഈ മേഖലയില്‍ നേരത്തെ മുറ ഇനത്തില്‍ പെട്ട എരുമകള്‍ ഇല്ലായിരുന്നുവെന്ന് കൗണ്‍സിലര്‍ ശിവകുമാര്‍ ഖോര്‍ദ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഇവിടെ ഇത്തരം ഇനത്തില്‍ പെട്ട എരുമകള്‍ ധാരാളമുണ്ട്. ഇവിടെയുള്ള കര്‍ഷകരും സ്ത്രീകളും പശുക്കളെയും എരുമകളെയും മറ്റും വളര്‍ത്തിയാണ് ഉപജീവനം നടത്തുന്നത്.
ഏതായാലും ഇത്രയും വലിയ വിലയ്ക്ക് എരുമയെ വിറ്റതോടെ കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.